നീലേശ്വരം: നഗരസഭയിലെ മാട്ടുമ്മൽ കടിഞ്ഞിമൂലയിലെ പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ താൽകാലികമായി നിർമിച്ച ബണ്ട് മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയത് നാശനഷ്ടമുണ്ടാക്കി. ബണ്ടിന്റെ കരയോടുചേർന്ന ഭാഗം പൊളിച്ചത് അരികിലെ തെങ്ങുകൾ കടപുഴകാൻ കാരണമായി. കടിഞ്ഞിമൂല ഭാഗത്ത് കരയോടുചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയത്. പുഴയോരത്തെ നിരവധി തെങ്ങുകളും ഫലവൃക്ഷങ്ങളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ കടപുഴകി പുഴയിലേക്ക് വീഴുകയായിരുന്നു. ഇപ്പോൾ കരയിടിച്ചിൽമൂലം സമീപത്തെ വീടുകളും അപകടഭീഷണി നേരിടുകയാണ്. പുഴ മുഴുവനും ബണ്ടുകെട്ടി അടച്ചാണ് പുതിയപാലത്തിന്റെ നിർമാണം നടക്കുന്നത്.
വേനൽ കാലത്തുതന്നെ നാട്ടുകാരും ജനപ്രതിനിധികളും മുന്നറിയിപ്പില്ലാതെ ബണ്ട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചുനീക്കുന്നുണ്ടെങ്കിൽ പുഴയുടെ മധ്യഭാഗത്തുതന്നെ പൊളിക്കണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ മഴവന്ന് വെള്ളം കയറി പാലം നിർമാണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ നാട്ടുകാരെ അറിയിക്കാതെ കരയോട് ചേർന്നുള്ള ഭാഗം പൊളിച്ചതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. കരാറുകാരന്റെ ഈ അനാസ്ഥക്കെതിരെ വാർഡ് കൗൺസിലർ എം.കെ. വിനയരാജും നാട്ടുകാരും പ്രതിഷേധമറിയിച്ചപ്പോൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ.പി. രവീന്ദ്രൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.