നീലേശ്വരം: ഏറെ കൊട്ടിഘോഷിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പിലാക്കിയ നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര കുടിവെള്ളപദ്ധതി പ്രവർത്തനം പാളി. ദിവസവും ലഭിക്കേണ്ട കുടിവെള്ളം ആഴ്ചയിൽ ഒരുദിവസം കിട്ടുക മാത്രമല്ല, അത് അരമണിക്കൂർ മാത്രം കിട്ടുന്നത് ചെമ്മാക്കര നിവാസികളെ കൂടുതൽ ദുരിതത്തിലാക്കി.
എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും നഗരസഭ പദ്ധതിവിഹിതത്തിൽനിന്ന് 18 ലക്ഷം രൂപയും ചെലവഴിച്ചാണ് കുടിവെള്ളപദ്ധതി യാഥാർഥ്യമാക്കിയത്. കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാരിൽനിന്ന് പണം പിരിവെടുത്ത് വാങ്ങിയ മൂന്ന് സെൻറ് സ്ഥലത്താണ് കിണറും പമ്പ് ഹൗസും ടാങ്കും നിർമിച്ചത്. 2020ൽ നിർമാണ പ്രവൃത്തി ആരംഭിച്ച് 2022 ആഗസ്റ്റ് 22ന് എം. രാജഗോപാലൻ എം.എൽ.എയാണ് നാടിന് സമർപ്പിച്ചത്.
തുടക്കത്തിൽ ചെമ്മാക്കരയിലെ 65 കുടുംബങ്ങൾക്ക് ഏറെ ആശ്വാസം ലഭിച്ചുവെങ്കിലും വെറും രണ്ടാഴ്ചമാത്രമാണ് കുടിവെള്ളം ലഭിച്ചത്. വീടിന് മുന്നിൽ സ്ഥാപിച്ച പൈപ്പ് വഴി ദിവസവും ലഭിക്കേണ്ട വെള്ളം ഇപ്പോൾ ആഴ്ചയിൽ ഞായറാഴ്ച രാവിലെ അരമണിക്കൂർ മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ കുടിവെള്ളം കിട്ടിയാൽ എങ്ങനെ ഒരു കുടുംബത്തിന് കഴിയാൻപറ്റുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പുഴയോര ഗ്രാമമായതിനാൽ ഒരു ചെറിയ കിണർ കുഴിച്ചാൽതന്നെ ഉപ്പുകലർന്ന വെള്ളമാണ്. ഈ വെള്ളമാണ് കുട്ടികൾ മുതൽ മുതിർന്നയാളുകൾവരെ മറ്റുള്ള ദിവസങ്ങളിൽ ഉപയോഗിക്കുന്നത്. കിണറിന് ആഴം കുറവാണെന്നും ഉറവയില്ലാത്തതുമാണ് വെള്ളത്തിന്റെ ദൗർലഭ്യത കുറയാൻ കാരണമെന്നുമാണ് അധികൃതർ പറയുന്നത്. അധികൃതർ കിണറിന്റെ ആഴം വർധിപ്പിച്ച് ദിവസവും മുടങ്ങാതെ ചെമ്മാക്കര നിവസികൾക്ക് കുടിവെള്ളം വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.