നീലേശ്വരം: ജില്ലയിലെ ഏക ധാന്യസംഭരണ കേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള തകർന്ന റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. കനത്ത മഴപെയ്തതോടെ റോഡ് ചളിനിറഞ്ഞ തോടായി മാറി. ദിവസവും അമ്പതിൽപരം ലോറികൾ ഇവിടെ ധാന്യങ്ങൾ കയറ്റാനും ഇറക്കാനുമായി എത്തുന്നുണ്ട്. ജില്ലയിലെ മുഴുവൻ റേഷൻ കടകളിലേക്കും അരി, പഞ്ചസാര, ഗോതമ്പ് മറ്റ് ധാന്യങ്ങൾ എന്നിവ ലോറിയിൽ കയറ്റി തകർന്ന ഈ റോഡിലൂടെയാണ് യാത്രചെയ്യുന്നത്. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തുകൂടി പോകുന്ന റോഡായതിനാൽ, റെയിൽവേക്ക് മാത്രമേ നന്നാക്കാൻ സാധിക്കുകയുള്ളു.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ് നവീകരിക്കാൻ നഗരസഭ അധികൃതർക്ക് പറ്റാത്ത അവസ്ഥയാണ്. സമീപത്തെ റെയിൽവേ സ്റ്റേഷനിൽ ധാന്യങ്ങളുമായി എത്തുന്ന ഗുഡ്സ് വണ്ടികളിൽനിന്ന് ലോറിയിലേക്ക് കയറ്റിയ ശേഷം ഗോഡൗണിൽ ഇറക്കി വീണ്ടും ലോറിയിൽ കയറ്റി തൂക്ക പരിശോധന കഴിഞ്ഞാൽ മാത്രമേ പുറത്തേക്ക് പോകാൻ കഴിയുകയുള്ളു. ഈ വാഹനങ്ങളെല്ലാം വെള്ളക്കെട്ടുള്ള റോഡിൽ പോകുമ്പോൾ ധാന്യംനിറച്ച ചാക്ക് വെള്ളത്തിൽ വീണ് നശിക്കുന്നത് പതിവ് കാഴ്ചയാണ്. എം.പി ഉൾപെടെയുള്ളവർ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് ലോറി ഡ്രൈവർമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.