വാട്സ്ആപ് സംഭാഷണം ചോർന്നു; കിനാനൂർ കരിന്തളം സി.പി.എമ്മിൽ വിവാദം

നീലേശ്വരം: കിനാനൂർ കരിന്തളം മുൻ പഞ്ചായത്ത് പ്രസിഡൻറ്​ എ. വിധുബാലയും സി.പി.എം പാർട്ടി വിമതനും തമ്മിലുള്ള വാട്സ്ആപ് സംഭാഷണം ചോർന്നത് കിനാനൂർ കരിന്തളം സി.പി.എമ്മിൽ വിവാദമായി. തന്നെ ജില്ല പഞ്ചായത്ത് സ്ഥാനാർഥിയാക്കാതിരിക്കാൻ ഒരു ജില്ല സെക്രട്ടറിയേറ്റംഗവും ജില്ല കമ്മിറ്റിയംഗവും മുൻ ജില്ല കമ്മിറ്റിയംഗവുമായ കരിന്തളത്തെ മൂന്നുനേതാക്കൾ ഇടപെട്ടുവെന്നാണ് സംഭാഷണത്തിലെ വിവാദ ഭാഗം.

സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം വി.കെ. രാജൻ,​ നിലവിൽ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും പാർട്ടി മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. രവി,​ മുൻ ജില്ല കമ്മിറ്റിയംഗം കെ.പി. നാരായണൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് വാട്സ് ആപ് സംഭാഷണം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലക്ഷ്മിക്കെതിരെയും രൂക്ഷമായ ആക്ഷേപങ്ങൾ സംഭാഷണത്തിലുണ്ട്. കാലിച്ചാമരം- പരപ്പ - ബിരിക്കുളം റോഡി‍െൻറ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.

കാലിച്ചാമരം- ബിരിക്കുളം -പരപ്പ റോഡിന് അനുവദിച്ച തുക കയ്യൂർ-ചീമേനി പഞ്ചായത്തിലേക്ക് കരിന്തളം ഡിവിഷനിൽ നിന്നുള്ള നിലവിലുള്ള ജില്ല പഞ്ചായത്ത് അംഗം ശകുന്തള നിർബന്ധപൂർവം മാറ്റിയെന്ന് സംഭാഷണത്തിൽ ആരോപിക്കുന്നുണ്ട്. തന്നെ ജില്ല പഞ്ചായത്തിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ നിർദേശിച്ചിരുന്നുവെങ്കിലും പഞ്ചായത്തിലെ മൂന്ന് പ്രമുഖ നേതാക്കൾ ഇടപെട്ട് പേര് വെട്ടുകയായിരുന്നുവെന്ന് വിധുബാല പറയുന്നുണ്ട്. പഞ്ചായത്തിന് അനുവദിച്ച ഫണ്ട് മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടുപോയതിൽ തന്നെ അഴിമതിക്കാരിയാക്കാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ലക്ഷ്മിയെ മത്സരിപ്പിച്ചതിനെയും മുൻപഞ്ചായത്ത് പ്രസിഡന്‍റ്​ ആക്ഷേപിക്കുന്നുണ്ട്. മത്സരിക്കാതിരുന്നതിനാൽ താൻ രക്ഷപ്പെട്ടുവെന്നും തനിക്ക് ഇനിയൊരു പ്രശ്നവുമില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ താൻ സഹകരിക്കാറില്ലെന്നും ഇവർ പറയുന്നുണ്ട്. ഇതിനിടെ ഫോൺ സംഭാഷണം ചോർന്ന വിഷയം ചർച്ച ചെയ്യാൻ വിധുബാല അംഗമായ കിനാനൂർ ലോക്കൽ കമ്മിറ്റി ഇന്നലെ യോഗം ചേർന്നിരുന്നു.

Tags:    
News Summary - WhatsApp conversation leaked; Controversy in Kinanoor Karinthalam CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.