പടന്ന: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ കാരണം ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബൈ മഹാനഗരം നിശ്ചലമായപ്പോൾ രാജ്യം മുഴുവൻ അതിെൻറ അലയൊലികൾ എത്തിയിട്ടുണ്ടാകും. കൂട്ടത്തിൽ ജില്ലയിലെ പടന്ന എന്ന കൊച്ചുഗ്രാമത്തേയും ഈ സാഹചര്യം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വർഷങ്ങളായി മുംബൈയിലെ ബിസിനസ്, തൊഴിൽ മേഖലയെ ആശ്രയിച്ച് ജീവിധോപാതി കണ്ടെത്തിയിരുന്ന പടന്നയിലെ നൂറുകണക്കിന് കുടുംബങ്ങൾ കഴിഞ്ഞ നാലഞ്ച് മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഏകദേശം ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ള പടന്നക്കാരുടെ തൊഴിൽ വ്യാപാര ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി.
ഗൾഫ് രാജ്യം കഴിഞ്ഞാൽ അനവധി പടന്നക്കാരെൻറ വീട്ടിലെ അടുപ്പ് പുകയുന്നത് മുംബൈയെ ആശ്രയിച്ചാണ്. 200ഓളം പടന്നക്കാർക്ക് മഹാനഗരത്തിൽ 300ന് മുകളിൽ സ്ഥാപനങ്ങളുണ്ട്. ഇതിൽ 250ഉം ഹോട്ടൽ, െഗസ്റ്റ് ഹൗസ് മേഖലയിലാണ്. മൊബൈൽ കടകൾ, ജ്യൂസ് കടകൾ, ചെറുകിട സ്റ്റോർ എന്നിവ 50ന് മുകളിൽ വരും.
രണ്ടായിരത്തോളം പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ നൽകിയിരുന്ന സ്ഥാപനങ്ങളെല്ലാം ഇന്ന് വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ചില കെട്ടിട ഉടമകൾ ഉദാരസമീപനം സ്വീകരിക്കുമ്പോൾ മറ്റു ചില ഉടമകൾ അവസരം മുതലാക്കി ഇറക്കിവിട്ട് സ്ഥാപനം കൈയടക്കാനും ശ്രമിക്കുന്നതായി വർഷങ്ങളായി മുംെബെയിൽ വ്യവസായിയും പത്രപ്രവർത്തകനുമായ എ.സി. മുഹമ്മദ് പറയുന്നു.
ഉടമകളുമായി വാടകയും മറ്റുമായി ഉടലെടുക്കുന്ന അസ്വാരസ്യങ്ങൾ ചർച്ച ചെയ്ത് രമ്യതയിലാക്കാനും വേണ്ട നിയമ സഹായങ്ങൾ ചെയ്തുകൊടുക്കാനും മുംബൈ പടന്ന മുസ്ലിം ജമാഅത്ത്, ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സജീവമായി രംഗത്തുണ്ട് എന്നത് ഈ മേഖലയിൽ ബിസിനസ് ചെയ്യുന്ന പടന്നക്കാർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.
അന്ധേരി, കുർള, ദാദർ, കൊളാബ മേഖലകളിലാണ് പടന്നക്കാർ കൂടുതലും ബിസിനസുമായി ബന്ധപ്പെട്ട് കഴിയുന്നത്. െഗസ്റ്റ് ഹൗസ് മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലായത്. ഗൾഫ് ജീവിതം മതിയാക്കിയ പലരും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കോടികളാണ് ഈ മേഖലയിൽ നിക്ഷേപിച്ചിട്ടുള്ളത്.
കടം വാങ്ങിയും സ്വന്തം പോക്കറ്റിൽ നിന്ന് വാടക നൽകിയുമാണ് പലരും പിടിച്ചുനിൽക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും കോവിഡ് ബാധിതരെ സഹായിക്കുന്നതിനും സ്വന്തം ഹോട്ടൽ മുറികൾ ക്വാറൻറീൻ സൗകര്യത്തിന് വിട്ടുകൊടുത്തും മുംെബെയിലെ പടന്നക്കാർ മാതൃക കാട്ടിയിട്ടുണ്ട്.
കെ.എം.സി.സി മുംബൈ പടന്ന മുസ്ലിം ജമാഅത്ത്, ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ എന്നീ സംഘടനകൾ ടി.കെ.സി. മുഹമ്മദലി ഹാജി, പി.വി. സിദ്ദീഖ്, എസ്.വി. അഷ്റഫ്, വി.കെ. സൈനുദ്ദീൻ, പി.എം. ഇഖ്ബാൽ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.
അതേസമയം, ഓയോ ഫാബ് പോലുള്ള ബഡ്ജറ്റ് ഹോട്ടൽ മേഖലയിലെ ഓൺലൈൻ സേവകരെ ഒഴിവാക്കി ഉടമകൾ സ്വന്തം നിയന്ത്രണത്തിൽ സ്ഥാപനം നടത്തിയും ചെലവുകളും മറ്റും വെട്ടിച്ചുരുക്കിയും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ എന്ന് വർഷങ്ങളായി മുംൈബയിലും ഹുബ്ലിയിലും ബിസിനസ് മേഖലയിലുള്ള ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ പടന്നയിലെ എസ്.വി. അശ്റഫ് പറയുന്നു. ലോക്ഡൗണിൽ ഇളവ് വരുന്നതോടെ വരുന്ന മാസങ്ങളിൽ സ്ഥിതിയിൽ മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് പടന്നക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.