പടന്ന: പടന്നയിൽ വ്യാപകമാവുന്ന ലഹരിമാഫിയക്കെതിരെ വീട്ടമ്മമാർ രംഗത്ത്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള ഇളംതലമുറ വരെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെടാൻ തുടങ്ങിയതോടെയാണ് വീട്ടമ്മമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ പോരാട്ടം ആരംഭിച്ചത്.
പൊലീസ്, എക്സൈസ് വിഭാഗങ്ങളുടെ പിടിയിൽപെടുന്നവർ ഉടൻ പുറത്തിറങ്ങുന്നതും വീണ്ടും വിൽപന രംഗത്ത് സജീവമാകുന്നതും പതിവാണ്. പടന്നയിൽ പത്ത് വർഷത്തോളമായി നിരന്തരം മയക്കുമരുന്ന് കേസിൽ പിടിയിലാകുന്ന വ്യക്തിയാണ് വിൽപനയുടെ പിന്നിൽ.
സ്ഥിരമായി അധികൃതരുടെ പിടിയിലാകുന്ന ഇയാൾ മണിക്കൂറുകൾക്കകം പുറത്തിറങ്ങുന്നതും വീണ്ടും കഞ്ചാവ് പോലുള്ള ലഹരി സാധനങ്ങൾ വിൽക്കുന്നതും സ്ഥിരം ഏർപ്പാടായി. ഏറ്റവും ഒടുവിൽ കഴിഞ്ഞയാഴ്ച കഞ്ചാവുമായി പിടിയിലായ ഇയാൾ രാത്രിയോടെ വീണ്ടും മൂസഹാജി മുക്കിൽ പ്രത്യക്ഷപ്പെട്ടു.
പടന്നയിലെ സുബി ഡ്രൈവിങ് സ്ഥാപന ഉടമയും പൊതുപ്രവർത്തകയുമായ സുബൈദ അസീസ് ഇയാളെ ചോദ്യം ചെയ്യുകയും സഹപ്രവർത്തകരെയും കൂട്ടി ലഹരിക്കെതിരെ രംഗത്തിറങ്ങുകയുമായിരുന്നു. നാട്ടുകാരിൽനിന്ന് ഒപ്പുശേഖരണം നടത്തി ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് കഴിഞ്ഞ ദിവസം പരാതി നൽകി.
ലഹരി മൊത്തക്കച്ചവടം ചെയ്യുന്ന ഇയാൾക്കെതിരെയും ഇയാളുടെ വിതരണ കണ്ണികൾക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നു. സുബൈദക്ക് പുറമെ ബി.എസ്. റഷീദ, എം.കെ. സാഹിറ, എം.ഹസീന, പി.സീനത്ത് എന്നിവരുൾപ്പെടുന്ന സംഘമാണ് ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.