തൃക്കരിപ്പൂർ: ഉടുമ്പുന്തല നാലുപുരപ്പാട് വഖഫ് ഭൂമിയല്ലന്ന് ഹൈകോടതി. ഭൂമി വഖഫ് സ്വത്തല്ലെന്ന് കാണിച്ച് സംസ്ഥാന വഖഫ് ബോർഡ് സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി ഇതുസംബന്ധിച്ച പരാതി തീർപ്പാക്കിയത്. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ 380/1 സർവേ നമ്പറിലുള്ള ഭൂമിയുടെ പോക്കുവരവ് സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് കെട്ടിട അനുമതി നിഷേധിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ടി.പി. ശാദുലി നൽകിയ പരാതിയിലാണ് ഭൂമി വഖഫ് വസ്തുവല്ലെന്ന് കോടതി കണ്ടത്തിയത്. സ്വന്തം പേരിൽ പോക്കുവരവ് ഉള്ള നികുതി അടക്കുന്ന ഭൂമിയിൽ ആവശ്യമായ എല്ലാ രേഖകളും നൽകി കെട്ടിടനിർമാണത്തിന് അനുമതി ആവശ്യപ്പെട്ടപ്പോൾ വഖഫാണെന്നുപറഞ്ഞ് കെട്ടിടനിർമാണ അനുമതി നൽകിയില്ല. ഹൈകോടതി പഞ്ചായത്തിനോടും വഖഫ് ബോർഡിനോടും മേൽവിഷയത്തിൽ വിശദീകരണം തേടി. കെട്ടിട അനുമതി നൽകാനും കോടതി നിർദേശിച്ചു.
1974ൽ ഭൂവുടമ സർക്കാറിലേക്ക് വരുത്തിയ നികുതികുടിശ്ശിക ഈടാക്കാൻ ഇൻകം ടാക്സ് അധികൃതർ പൊതു ലേലംചെയ്ത് വിറ്റ സ്ഥലമാണ് പ്രസ്തുത ഭൂമി. സ്വകാര്യവ്യക്തികൾക്ക് വാങ്ങാനും കൈവശംവെക്കാനും ഉപയോഗിക്കാനും പറ്റുമെന്ന് നിയമപ്രകാരം ഉറപ്പുവരുത്തിയിരുന്നു.
നികുതികുടിശ്ശിക കാരണം സർക്കാർ ലേലംചെയ്ത സ്ഥലം ഒരിക്കലും തിരിച്ചുപിടിക്കാൻ സാധ്യമല്ലെന്നും മനസ്സിലാക്കി വഖഫ് ബോർഡ് മധ്യസ്ഥശ്രമത്തിലൂടെ ലേലംകൊണ്ട വ്യക്തി ഉടുമ്പുന്തല മുസ്ലിം ജമാഅത്തിന് ഒരു ഏക്കർ അഞ്ചു സെന്റ് സ്ഥലവും വൾവക്കാട് ജമാഅത്തിന് രണ്ടു ലക്ഷം രൂപയും നൽകി.
ഇതിനെ തുടർന്ന് 157/1966 നമ്പറിൽ പറയുന്ന സ്വത്തുക്കൾ വഖഫ് രജിസ്റ്ററിൽനിന്നും നീക്കം ചെയ്തതാണെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി. ഇപ്പോഴും വഖഫ് സൈറ്റിലെ റിപ്പോർട്ട് കാർഡിൽ നാലുപുരപ്പാട് സ്ഥലം കാണുന്നത് സാങ്കേതികം മാത്രമാണെന്നും വൈകാതെ വെബ്സൈറ്റിൽനിന്ന് നീക്കംചെയ്യുമെന്നും കോടതിയെ ബോധിപ്പിച്ചു.
നാലുപുരപ്പാട് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഉടമകളായ ടി.പി. ഷാദുലി, എം.കെ. ബഷീർ, എൻ.പി. ഷാനിദലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.