വൈപ്പിൻ: കായലിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാർഗം ഇതോടെ പ്രതിസന്ധിയിലായി. മുമ്പ് കണമ്പും കരിമീനും തിരുതയും ചെമ്മീനും ഞണ്ടും എല്ലാം ധാരാളമായി ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അവയൊന്നും കാര്യമായി ലഭിക്കുന്നില്ല . പടിഞ്ഞാറേ കായലിൽ (പൊയിൽ) താഴ്ചക്കുറവുമൂലവും മത്സ്യലഭ്യത കുറഞ്ഞു.
ട്രോളിങ് നിരോധന കാലയളവ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചാകരക്കാലമായിരുന്നെങ്കിലും ഇത്തവണ ലഭ്യതയിലെ കുറവുമൂലം നിരാശയാണ് ഫലം. ലോക്ഡൗൺ കാലത്ത് ഉപജീവന മാർഗത്തിനായി പണിയെടുക്കുന്ന ചീനവല തൊഴിലാളികൾക്ക് 500 രൂപപോലും തികച്ച് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. വീശ് തൊഴിലാളികളും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനിടെ, കനത്ത മഴയും ചുഴലിക്കാറ്റും മത്സ്യത്തൊഴിലാളികൾക്ക് ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെടുത്തി. പള്ളിപ്പുറം പഞ്ചായത്ത് അധീനതയിലെ 600 ഏക്കറോളം വിസ്തൃതിയുള്ള കായലിലാണ് താഴ്ചക്കുറവുമൂലം മത്സ്യസമ്പത്ത് കുറയുന്നത്. ആഴക്കടൽ ബോട്ടുകളിൽനിന്നുള്ള മത്സ്യലഭ്യത ഇല്ലാതാവുന്നതിനാൽ പരമ്പരാഗത മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തികമായി മികച്ച നേട്ടമുണ്ടാക്കുന്ന സീസൺ ആണ് ട്രോളിങ് നിരോധന സമയം.
എന്നാൽ, മത്സ്യലഭ്യത കുറഞ്ഞതോടെ ഇവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മത്സ്യങ്ങൾക്ക് വളരാനും പ്രജനനം നടത്താനുമുള്ള സന്തുലനാവസ്ഥ ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണമായി തൊഴിലാളികൾ പറയുന്നത്. കായൽ അടിത്തട്ടിലെ മണൽപരപ്പിലാണ് കരിമീൻ അടക്കമുള്ള മത്സ്യങ്ങൾ പ്രജനനം നടത്തുക. കായലിെല മണ്ണും ചളിയും നീക്കംചെയ്യാതെവന്നതുമൂലം കായലിൽ വളരേണ്ട മത്സ്യങ്ങൾ ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.