വൈപ്പിന്‍: പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച പരമ്പര നിയമസഭയിൽ. വിഷയത്തിൽ ഫിഷറീസ് ഡയറക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ‘മീന്‍വലയില്‍ കുരുങ്ങിയ ജീവിതങ്ങള്‍’ എന്ന പേരിൽ മാധ്യമം പ്രസിദ്ധീകരിച്ച വാർത്താ പരമ്പര മുന്നോട്ടുവെച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 2023 ജുലൈ 27 മുതല്‍ 31 വരെ പ്രസിദ്ധീകരിച്ച പരമ്പരയില്‍ കായല്‍, ആഴക്കടല്‍ മത്സ്യബന്ധനമേഖലയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടിയത്.
വൈപ്പിൻ മേഖലയിലെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പത്ര റിപ്പോര്‍ട്ട് സഹിതം എം.എൽ.എ കഴിഞ്ഞ ആഗസ്റ്റ് ഏഴിന് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ എന്നായിരുന്നു എം.എൽ.എയുടെ ചോദ്യം. ‘‘മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയിലെ വിഷയങ്ങൾ സംബന്ധിച്ച് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന ഫിഷറീസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് ഫിഷറീസ് ഡയറക്ടർ സർക്കാറിന് സമർപ്പിക്കുന്ന മുറക്ക് പരിശോധിക്കുമെന്നും’’ ആയിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.