പരാതി നൽകിയ യുവതിക്ക്​ പൊലീസിന്‍റെ അധിക്ഷേപം, ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി

കൊല്ലം: അയൽവാസി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും വീടാക്രമിക്കുകയും ചെയ്തതായി പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ ഇരവിപുരം പൊലീസ്​ കള്ളക്കേസിൽ കുടുക്കിയതായി പരാതി. പൊലീസിനെ ആക്രമിച്ചുവെന്ന്​ കാട്ടി വ്യാജ കേസെടുത്ത് വൃക്കരോഗിയായ ഭർത്താവിനെ അറസ്റ്റ്​ ചെയ്ത്​ മർദിക്കുകയും റിമാൻഡിലാക്കുകയും ചെയ്​തതായും പൊലീസ്​ ഉദ്യോഗസ്ഥരിൽ ചിലർ തന്നെ അധിക്ഷേപിച്ചതായും ഇരവിപുരം സ്വദേശിയായ ലക്ഷ്മി സിറ്റി പൊലീസ്​ കമീഷണർക്ക്​ നൽകിയ പരാതിയിൽ പറയുന്നു. ഇരവിപുരം സ്​റ്റേഷനിലെ ഡ്രൈവറായ ദിലീപ്​, എസ്​.ഐമാരായ അരുൺഷാ, ജയേഷ്​, പൊലീസുകാരനായ വിനു വിജയ്​ എന്നിവർക്കെതിരെയാണ്​ പരാതി. പരാതി ഇങ്ങനെ​: ജൂലൈ 24ന്​ ഇരവിപുരത്ത്​ വീടിന്​ സമീപത്തെ കടയിൽവെച്ച്​ സുരേഷ്​ കുമാർ എന്നയാൾ മോശമായി പെരുമാറുകയും പിന്നാലെ വീട്ടിലുള്ളവരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇരവിപുരം പൊലീസ്​ സ്​റ്റേഷനിൽ എത്തി പരാതി നൽകി. രാത്രി എട്ടിന്​ തിരികെയെത്തിയപ്പോൾ സുരേഷ്​ കുമാറും വീട്ടുകാരും തങ്ങളുടെ വീടാക്രമിച്ചു. രാത്രി 10ന്​ രണ്ട്​ പൊലീസുകാർ എത്തിയെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തില്ല. യുവതി ഇത്​ ചോദ്യം ചെയ്തതോടെ​ ഇയാളെ കസ്റ്റഡിയിലെടുത്തു. ദിലീപ്​ എന്ന പൊലീസുകാരൻ പരാതിക്കാരിയെ അധിക്ഷേപിച്ച്​ സംസാരിച്ചത്​ നാട്ടുകാരുമായി വാക്കേറ്റത്തിന്​ ഇടയാക്കി. യുവതിയുടെ ഭർത്താവ്​ ദീപു കടുത്ത ​രക്തസമ്മർദവും വൃക്കരോഗവും കാരണം ബുദ്ധിമുട്ടുന്നതിനാൽ ഈ സമയത്ത്​ വീട്ടിനുള്ളിലായിരുന്നു. എന്നാൽ, തുടർന്ന്​ എത്തിയ പൊലീസ്​ തങ്ങളെ ആക്രമിച്ചു എന്ന്​ ആരോപിച്ച്​ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ആക്രമിച്ചവ​രെ കൊണ്ടുവന്നാൽ ഭർത്താവിനെ വിടാം എന്ന്​ പറഞ്ഞ്​ യുവതിയെ രാത്രി മുഴുവൻ സ്​റ്റേഷന്​ മുന്നിൽ ഇരുത്തി. രാവിലെ ഇൻസുലിനും ആഹാരവും ഭർത്താവിന്​ നൽകണമെന്ന്​ പറഞ്ഞതിന്​ അധിക്ഷേപിച്ചു. യുവതി നൽകിയ കേസിൽ മൊഴി നൽകിയാൽ ഭർത്താവിനെതിരെ രണ്ട്​ കേസ്​ ചാർജ്​ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. മൊഴി നൽകാതെയിരുന്നിട്ടും വൈകീട്ടോടെ ഭർത്താവിനെ റിമാൻഡ്​ ചെയ്തു. രോഗിയായ ഭർത്താവിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിക്കുകയും ചെയ്​തു. ഡ്രൈവർ ദിലീപ്​ യുവതിയെ കയറിപ്പിടിക്കട്ടെ എന്ന്​ ഭർത്താവിനോട്​ ചോദിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഭർത്താവ്​ ജാമ്യത്തിൽ ഇറങ്ങിയിട്ടും തങ്ങളുടെ വീട്ടിൽ പോകാൻ കഴിയാതെ മാറിത്താമസിക്കുകയാണ്​. മർദനമേറ്റത്​ കാരണം ശാരീരികാസ്വസ്ഥതകൾ കൂടിയ ദീപു ചികിത്സയിലാണ്​. എന്നാൽ, വീട്ടിൽപോലും ഇല്ലാതിരുന്നിട്ടും തങ്ങൾ അസഭ്യം പറയുകയാണെന്ന്​ കാട്ടി സുരേഷ്​ കുമാർ നൽകിയ പരാതിയിൽ തങ്ങൾക്കെതിരെ പൊലീസ്​ കേസ്​ എടുത്തിരിക്കുകയാണെന്നും അധിക്ഷേപം തുടരുകയാണെന്നും​ യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയും ഭർത്താവിനെ കസ്റ്റഡിയിൽ മർദിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നിവർക്കും ദമ്പതികൾ പരാതി നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.