ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വകാര്യ ആംബുലൻസുകൾ രോഗികൾക്ക് ബാധ്യതയാകുന്നതായി പരാതി. മെഡിക്കൽ കോളജ് ആശുപത്രിയുടെയും കനിവ് -108ന്റെയും ആംബുലൻസുകളെ നോക്കുകുത്തിയാക്കി മാറ്റി ചാരിറ്റി സംഘടനകളുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെയും പേരിലുള്ള ആബുലൻസുകൾ ഇവിടെ സർവീസ് നടത്തുകയും വലിയ തുക ഈടാക്കുകയുമാണെന്നാണ് ആക്ഷേപം.
ഗുരുതര അസുഖം ബാധിച്ച് എത്തുന്നവരെ നിരക്ക് പറയാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും എത്തിച്ചശേഷം തോന്നുംപടി ചാർജ് വാങ്ങി പകൽ കൊള്ള നടത്തുവെന്ന പരാതിയാണ് വ്യാപകമാവുന്നത്. കൂട്ടിരിപ്പുകാരുടെ കൈയിൽ പൈസ ഇല്ലെങ്കിൽ ആഭരണങ്ങളും മൊബൈലും പിടിച്ചു വാങ്ങിയ സംഭവങ്ങളും ഉണ്ട്. ആംബുലൻസ് മുതലാളിമാരുടെ ആളുകൾ ജീവനക്കാർ ചമഞ്ഞ് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലും വാർഡുകളിലും എത്തി ഒരു വിഭാഗം ജീവനക്കാരുടെ പിന്തുണയോടെ രോഗികളെ ആംബുലൻസുകളിൽ കയറ്റി കൊണ്ട് പോവുകയാണെന്നും പരാതിയുണ്ട്. മെഡിക്കൽ കോളജിൽ രണ്ട് ആംബുലൻസുകൾ ഉണ്ടെങ്കിലും അവ ഓടുന്നില്ല. 108 ആംബുലൻസ് വിളിക്കണമെന്ന നിർദ്ദേശവും ഇവിടെ അട്ടിമറിക്കുകയാണ്. രോഗികൾ സ്വന്തം നിലയിൽ പുറത്ത് നിന്നും സംഘടനകളുടെ ആംബുലൻസ് വിളിച്ചാൽ അത് തടയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരും സ്വകാര്യ ആംബുലൻസ് സർവീസിലെ മാനേജർമാരും ഡ്രൈവർമാരും അടക്കമുള്ള സംഘം ആണ് അംബുലൻസ് സർവീസ് നിയന്ത്രിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നങ്ങൾ ഉണ്ടായി പൊലീസിൽ പരാതി ചെന്നാലും നടപടിയുണ്ടാവുന്നിെല്ലന്നും രോഗികൾ പറയുന്നു. ആംബുലൻസിലേക്ക് രോഗിയെ കയറ്റിയാൽ ഡ്രൈവർമാർ അവർക്ക് ഇഷ്ടമുള്ള സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോയി ടിപ്പ് വാങ്ങുന്ന സംഭവങ്ങളാണ് നിത്യവും നടക്കുന്നതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇൻഷുറൻസ്, പെർമിറ്റ് അടക്കമുള്ള സുരക്ഷാ രേഖകൾ ഇല്ലാത്ത ആംബുലൻസുകളും ഇവിടെ ഓടുന്നുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികൾ ആയവരും ഇവിടെ ഡ്രൈവർമാരായി ഉണ്ട്.
പരാതി ഉണ്ടായാലും പരിശോധന നടത്താൻ പൊലീസ് തയ്യാറാകുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ആദ്യമേ ചാർജ് പറയാതെ രോഗികളുടെ അവസ്ഥ മുതലെടുത്ത് പകൽകൊള്ള നടത്തുന്ന ആംബുലൻസ് സർവീസുകൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.