തെന്മലയിൽ തീർഥാടകയുടെ ബാഗ് കവർന്നയാളെ യുവാക്കൾ പിടികൂടി

പുനലൂർ: തെന്മലയിലെത്തിയ തീർഥാടക സംഘത്തിന്‍റെ മിനിബസിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച്​ രക്ഷപ്പെട്ടയാളെ നാലംഗ യുവാക്കൾ തന്ത്രപൂർവം പിടികൂടി പൊലീസിന് കൈമാറി. ചെങ്കോട്ട സുരുണ്ട സ്വദേശി മുരുകേശൻ (39) ആണ് പിടിയിലായത്. യുവാക്കളുടെ അവസോരോചിതമായ ഇടപെടൽ കാരണം പണവും മൊബൈൽ ഫോണും മറ്റ് രേഖകളുമടങ്ങിയ ബാഗ് യാത്രക്കാരിക്ക് തിരികെ ലഭിച്ചു. രാവിലെ ആറരയോടെയാണ് സംഭവം. തിരുവനന്തപുരം വട്ടിയൂർക്കാവിൽനിന്ന് പളനിയിലേക്ക് മിനിബസിൽ എത്തിയതായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം. തെന്മല ജങ്ഷനിലെ ഹോട്ടലിൽ ഇവർ ചായകുടിക്കാനായി പോയപ്പോൾ ബാഗ് അടക്കം സാധനങ്ങൾ വണ്ടിയിൽ സൂക്ഷിച്ചിരുന്നു. ഇതിലെ ഒരു ബാഗാണ് മുരുകേശൻ കൈക്കലാക്കി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് രക്ഷപ്പെട്ടത്. ഈ സമയം പ്രഭാതസവാരിക്കായി പ്ലാറ്റ്ഫോമിലൂടെ നടന്നുവന്ന പ്രദേശവാസി മനോജ് അപരിചിതനായ ആളെ കണ്ടെത്തിതോടെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഇതിനിടെ, കെ. വിഷ്ണു, ജ്യോതിഷ്, വി. വിഷ്ണു എന്നിവരും എത്തിച്ചേർന്നു. മുരുകേശിൽ നിന്ന് പഴ്സും മൊബൈലും കണ്ടെത്തി. ഇതിനിടെ, മൊബൈലിലേക്ക് ബാഗ് നഷ്ടപ്പെട്ട സ്ത്രീയുടെ വിളിവന്നു. അപ്പോഴാണ് മോഷ്ടിച്ച പഴ്സും ഫോണുമാണെന്ന് യുവാക്കൾക്ക് മനസ്സിലായത്. ഉടൻ ഇവർ മോഷ്ടാവുമായി ജങ്ഷനിലെത്തി ബാഗ് നഷ്ടപ്പെട്ടവരെ കണ്ടെത്തി. ബാഗ് റെയിൽവേ സ്റ്റേഷനു സമീപത്തെ കാട്ടിൽ ഒളിപ്പിച്ച ശേഷമാണ് പഴ്സും ഫോണുമായി മോഷ്ടാവ് രക്ഷപ്പെട്ടത്. പിന്നീട്, ബാഗ് കാട്ടിൽ നിന്ന്​ കണ്ടെടുത്ത ശേഷം തെന്മല പൊലീസിനെ അറിയിച്ചു. ഇവരെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പുനലൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടാവിനെ പിടികൂടിയ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ തെന്മല സ്റ്റേഷൻ ഓഫിസർ എം.ജി. വിനോദ് പൊന്നാടയണിയിച്ചാദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.