കൊല്ലം: അതിദരിദ്ര വിഭാഗത്തിൽപെട്ടവർക്ക് വീട് നിർമിച്ചുനൽകുന്ന ജില്ല പഞ്ചായത്തിന്റെ സ്വപ്നക്കൂട് പദ്ധതി ചുവപ്പുനാടയിൽ. 2024 ജനുവരിയിൽ തുടക്കം കുറിച്ച പദ്ധതി ഒരുവർഷത്തോളമായി സർക്കാറിന്റെ അനുമതിതേടി ഫയലുകളിൽ ഉറങ്ങുകയാണ്. ജില്ല പഞ്ചായത്തിലെ 26 ഡിവിഷനുകളിലായി ആകെ 75 കുടുംബങ്ങളെയാണ് പദ്ധതിക്കുവേണ്ടി തെരഞ്ഞെടുത്തത്.
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാനതല സർവേ നടത്തി പ്രസിദ്ധീകരിച്ച പട്ടികയിൽനിന്നാണ് ജില്ല പഞ്ചായത്ത് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. എന്നാൽ, പലരും അപേക്ഷ നൽകി കാത്തിരുന്നതല്ലാതെ തുടർ നടപടികളുണ്ടായില്ല. ഒരുവർഷത്തോളമായി കാത്തിരുന്നിട്ടും പദ്ധതിയിൽ നീക്കുപോക്കില്ലാതെ വന്നതോടെ അപേക്ഷകരിൽ പലരും ലൈഫ് മിഷൻ പോലെ മറ്റ് പദ്ധതികൾ ലഭിക്കാൻവേണ്ടി സ്വപ്നക്കൂട് പദ്ധതിക്കായി സമർപ്പിച്ച അപേക്ഷപോലും പിൻവലിക്കുകയും ചെയ്തു.
2024 ജനുവരിയിൽ ജില്ല പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിലാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. 2024 ഫെബ്രുവരിയിൽ കൊട്ടാരക്കരയിൽവെച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജില്ലതല ഉദ്ഘാടനവും നിർവഹിച്ചു. കൊല്ലം ജില്ല പഞ്ചായത്ത്, കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (കെ.എസ്.എച്ച്.ബി) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ‘സ്വപ്നക്കൂട്’ എന്ന ഭവന പദ്ധതി വിഭാവനം ചെയ്തത്.
വീട് ഒന്നിന് ജില്ല പഞ്ചായത്ത് വിഹിതം 5.76 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ ഭവന നിർമാണ ബോർഡിൽനിന്നുള്ള വിഹിതമായ 3.84 ലക്ഷംരൂപ കൂടി ലഭ്യമാക്കി 9.60 ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കി 437 ചതുരശ്ര അടിയിൽ വീടിന്റെ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
മറ്റ് പദ്ധതികൾ പോലെ ഘട്ടംഘട്ടമായി തുക നൽകുന്നതിന് പകരം വീടിന്റെ താക്കോൽ കൈമാറുന്ന പദ്ധതിയാണ് തീരുമാനിച്ചിരുന്നത്. പദ്ധതി നടത്തിപ്പിനുള്ള തുക ജില്ല പഞ്ചായത്തിന്റെയും കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിന്റെയും കൈവശമുണ്ടെങ്കിലും അനുമതിക്കായി സർക്കാറിലേക്ക് നൽകിയ അപേക്ഷയിൽ തീർപ്പ് കൽപിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ച നിലയിലാണ് ജില്ല പഞ്ചായത്ത് അധികൃതരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.