എണ്ണപ്പനത്തോട്ടത്തിൽനിന്ന് വളർത്തുമൃഗങ്ങളെ വെടിവെച്ചുകൊന്ന് കടത്തുന്ന സംഘം അറസ്റ്റിൽ

പിടിയിലായവരിൽ യൂട്യൂബ് ബ്ലോഗറും അഞ്ചൽ: എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ വെടിവെച്ച് കൊന്ന് കടത്തി കാട്ടിറച്ചിയെന്ന പേരിൽ വിൽപന നടത്തിവന്ന സംഘത്തിലെ മൂന്നുപേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന്​ ബൊലേറോ വാഹനം, നാടൻ തോക്ക്, വെടിമരുന്ന് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ചിതറ ഐരക്കുഴി പെരിങ്ങാട് സജീർ മൻസിലിൽ കമറുദ്ദീൻ (62), മകൻ റെജീഫ് (റെജി -35), ചിതറ കൊച്ചാലുംമൂട് രേഖ ഭവനിൽ ഹിലരി (42) എന്നിവരാണ് അറസ്റ്റിലായത്. റെജീഫ് യൂട്യൂബ് ബ്ലോഗറാണ്. ഏതാനും ദിവസം മുമ്പ് പതിനൊന്നാം മൈൽ കമ്പങ്കോട് സ്വദേശി എണ്ണപ്പനത്തോട്ടത്തിൽ മേയാൻവിട്ട പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ എണ്ണപ്പനത്തോട്ടത്തിൽ കണ്ടെത്തി​യെന്ന്​ പൊലീസിന്​ പരാതി നൽകിയിരുന്നു. പൊലീസ്​ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷണ വിധേയമാക്കിയപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വാഹനത്തി‍ൻെറ ദൃശ്യം ലഭിച്ചു. വാഹനം കസ്റ്റഡിയിലെടുത്തശേഷം യൂട്യൂബ് ചാനൽ ഉടമയെ ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തോക്കും വെടിയുണ്ടകളും അനുബന്ധ സാധനങ്ങളും പ്രതികളുടെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദി‍ൻെറ നിർദേശാനുസരണം ഏരൂർ എസ്.ഐ ശരലാലി‍ൻെറ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ മാരായ സജികുമാർ, നിസാറുദ്ദീൻ, എ.എസ്.ഐ കിഷോർ, സിവിൽ പൊലീസ് ഓഫിസർമാരായ അനിമോൻ, അനിൽകുമാർ, ദീപക്ക്, അഭിലാഷ്, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ സിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.