കൊല്ലം: ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. റോഡ് അപകടം കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതൽ ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ കേരളത്തിൽ മുങ്ങി മരിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.
ജില്ലയിൽ ഈ വർഷം നാല് മാസം പിന്നിട്ടപ്പോഴേക്കും കണക്കുകൾ പ്രകാരം ജലാശയങ്ങളിൽപ്പെട്ട് മുങ്ങിത്താന്ന് 43 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞവർഷം 77 പേർ മുങ്ങിമരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മുങ്ങിമരണം സംബന്ധിച്ച അഗ്നിരക്ഷസേനയുടെ സംസ്ഥാനതലകണക്ക് പ്രകാരം ആറാം സ്ഥാനത്താണ് ജില്ല.
മേയ് ഒമ്പതിന് പുത്തൂർ ആറ്റുവാശേരിയിൽ കല്ലടയാറ്റിൽ മയ്യനാട് വടക്കുംതല പടിഞ്ഞാറ്റതിൽ നൗഫിയ മൻസിലിൽ നർഫിയ മുങ്ങി മരിച്ചതാണ് ജില്ലയിൽ ഈ മാസം ഏറ്റവും ഒടുവിൽ നടന്ന മരണം. തൊട്ടുതലേദിവസം ആണ് കരീപ്ര നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപം കൊട്ടാരക്കര പെരുങ്കുളത്തിൽ തിരുവാതിരയിൽ മിഥുൻ കല്ലടയാറിൽ മുങ്ങിമരിച്ചത്.
പത്തനാപുരത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചത് ഈമാസം അഞ്ചിനാണ്. പത്തനാപുരം മഠത്തിൽ വീട്ടിൽ സുരേഷ്-മഞ്ജു ദമ്പതികളുടെ മകൻ സുജിൻ (20), പന്തളം കുളനട കൈപ്പുഴ തടത്തിൽ വീട്ടിൽ സുരേന്ദ്രൻ- സുജാത ദമ്പതികളുടെ മകൻ നിഖിൽ (20) എന്നിവരാണ് മരിച്ചത്.
തൊട്ടുമുമ്പ് മേയ് മൂന്നിനാണ് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചത്. വേനൽക്കാലമായതിനാൽ വെള്ളം കുറവാണെന്ന് കരുതിയാണ് നീന്തൽ വശമില്ലാത്തവർ ഉൾപ്പെടെ കുളങ്ങളടക്കമുള്ള ജലാശയങ്ങളിൽ ഇറങ്ങുന്നത്.
അശ്രദ്ധയാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നു. ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങളില്‍ ഏറെയും ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദര്‍ശിക്കുമ്പോഴോ വിനോദയാത്രകളിലോ ആണ്. നീന്തലറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് അപകടമാണെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
മുങ്ങിത്താഴാൻ വെള്ളമില്ലെങ്കിലും കുറച്ചുവെള്ളത്തിലും മരണം സംഭവിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നു. ആളുകൾ വെള്ളത്തിൽ വീഴുമ്പോൾ രക്ഷപെടുത്താൻ ഇറങ്ങുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒന്നിലധികം പേർ മുങ്ങിമരിക്കുന്നതിൽ പ്രധാനം സുരക്ഷ മുൻകരുതലില്ലാലെ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കാനിറങ്ങുന്നവരാണ്. ഇങ്ങനെ അകപ്പെടുന്നതിൽ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണ്.
അവധിക്കാലത്താണ് അപകടങ്ങൾ കൂടാൻ സാധ്യത വളരെ കൂടുതലാണ്. ജില്ലയിൽ അപകടത്തിൽപ്പെടുന്നവരിൽ അധികവും വിദ്യാർഥികളും യുവാക്കളുമാണ്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. ജലാശങ്ങളിലെ ആഴം, ചളി എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നു. ശുദ്ധ ജലത്തിലും കടൽവെള്ളത്തിലും മുങ്ങുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്.
ശുദ്ധജലത്തിൽ മരണം സംഭവിക്കാൻ നാല് മുതൽ അഞ്ച് മിനിറ്റ് വരെയും കടലിൽ അഞ്ച് മുതൽ 12 മിനിറ്റ് വരെയും സമയം എടുക്കും. വായും മൂക്കും മാത്രം അടഞ്ഞുനിൽക്കുന്ന തരത്തിൽ വെള്ളത്തിൽ മുങ്ങിയാലും മരണം സംഭവിക്കാം. അപസമാരം പോലെയുള്ള അസുഖങ്ങൾ ഉള്ളവരിലും ലഹരിക്കടിപ്പെട്ടവരിലും മറ്റസുഖങ്ങൾ മൂലവും ആഴം കുറഞ്ഞ വെള്ളത്തിൽ വീഴുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഉദരഭാഗത്ത് അമർത്തി കുടിച്ച വെള്ളം കളയുക എന്നത് ഗുണകരമല്ല, എന്നുമാത്രമല്ല ചിലപ്പോൾ ദോഷകരവുമാകാം. അങ്ങനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാര പദാർഥങ്ങൾ ശ്വാസനാളിയിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അതൊഴിവാക്കുക. വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ മാറ്റുക. തല അൽപം ചെരിച്ചുകിടത്തുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം (സി.പി.ആർ) എന്നിവ നൽകുക.
താമസം കൂടാതെ ആവശ്യമായ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ എത്തിക്കുക. അപകടത്തിൽ പെടുന്നവരെ രക്ഷിക്കാനായി കൂടെ ചാടുന്നത് ഒഴിവാക്കണം. രക്ഷാപ്രവർത്തങ്ങൾക്കായി കയറോ, കമ്പോ, തുണിയോ നീട്ടിക്കൊടുത്ത് വലിച്ചുകയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം. പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക.
പ്രതീക്ഷിക്കാത്തയിടങ്ങളിലും മുതിർന്നവരുടെ മേൽനോട്ടമെത്താതെ കുട്ടികൾ എത്തിപ്പെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക. ഇത് ചെയ്യാൻ പറ്റാത്തയിടങ്ങളിൽ വേലി, മതിൽ എന്നിവ കെട്ടിമറക്കുക തുടങ്ങിയവയാകാം. പ്രളയസാധ്യതയുള്ളിടത്ത് വെള്ളപൊക്ക സുരക്ഷയ്ക്കായ് ശാസ്ത്രീയമായി ചിറ കെട്ടുകയും വരമ്പ് തീർക്കുകയും ചെയ്യുക. മൂടാത്ത കിണറുകൾ, പൊട്ടകിണറുകൾ, ചെറിയ കുളങ്ങൾ മറ്റൊരു അപകട സാധ്യതയാണ്. പാറമടകൾ വലിയൊരു പ്രശ്നമാണ്.
ഖനനം കഴിഞ്ഞാൽ അവ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെയുള്ള ജലത്തിൽ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കുക. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിവിടെയെല്ലാം നീന്തരുത് എന്ന് കുട്ടികളിലുൾപ്പെടെ ബോധവത്കരണം നൽകുക. മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ, കളിക്കാനോ അനുവദിക്കരുത്. പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.