കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായ കുറ്റവാളികളെ കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കി. മയ്യനാട് ചങ്ങാട്ട് ഹൗസിൽ ഷാജു (32 -മാടൻ ഷാജു), തഴുത്തല വിളയിൽ പുത്തൻവീട്ടിൽ നിഷാദ് (33 -പൊട്ടാസ് നിഷാദ്) എന്നിവരാണ് കാപ്പ നിയമപ്രകാരം തടവിലായത്. 2019 മുതൽ ഇതുവരെ കൊല്ലം സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരംസ്റ്റേഷനുകളിലുമായി രജിസ്റ്റർ ചെയ്ത എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജു. കൊലപാതകശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, അതിക്രമം, ഭീഷണിപ്പെടുത്തൽ, കൈയേറ്റം തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2022ലും ഇയാൾ കാപ്പ നടപടി നേരിട്ടു.
കൊട്ടിയം, കണ്ണനല്ലൂർ, കിളികൊല്ലൂർ, കുണ്ടറ, അടൂർ സ്റ്റേഷനുകളിലായി 2017 മുതൽ എട്ട് ക്രിമിനൽ കേസുകളിലാണ് നിഷാദ് ഉൾപ്പെട്ടത്. ഇതിനു മുമ്പ് രണ്ട് തവണ കാപ്പ നടപടികൾ സ്വീകരിച്ചു. ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.