അഞ്ചൽ: അമിത വേഗത്തിൽ കാറിലെത്തി നാട്ടുകാരുമായി വാക്കേറ്റമുണ്ടാക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ ഇടിച്ചിടുകയും ചെയ്ത ഇരുവർ സംഘത്തെ നാട്ടുകാർ പിടികൂടി അഞ്ചൽ പൊലീസിന് കൈമാറി. ആലപ്പുഴ നൂറനാട് താമരക്കുളം പ്ലാക്കൂട്ടത്തിൽ ജിഷ്ണു ഭാസുരൻ (29), അനിത ഭവനിൽ അജികുമാർ (48) എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറിൽനിന്ന് എയർഗൺ, വടിവാൾ, മദ്യക്കുപ്പികൾ, എ.സി മെഷീൻ മുതലായവയും പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി കരുകോണിലാണ് സംഭവം. അഞ്ചൽ കരുകോൺ ഭാഗത്തുകൂടി അമിതവേഗതയിൽ എത്തിയ കാർ റോഡ് സൈഡിൽ ഇരുന്ന ഇരുചക്ര വാഹനത്തെ ഇടിച്ചിടുകയും നാട്ടുകാരെ വാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം അമിതവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
അൽപസമയത്തിന് ശേഷം പ്രതികൾ തിരിച്ചുവരുന്നത് കണ്ട നാട്ടുകാർ മറ്റൊരു വാഹനം റോഡിനു കുറുകെയിട്ടാണ് പ്രതികളെത്തിയ കാർ തടഞ്ഞിട്ട് ഇരുവരെയും പിടികൂടി പൊലീസിന് കൈമാറിയത്.
അഞ്ചൽ എസ്. ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ വാഹന പരിശോധനയിലാണ് ആയുധങ്ങളും മറ്റും കണ്ടെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചണ്ണപ്പേട്ടയിലുള്ള സ്ത്രീയുടെ വീട്ടിൽ വന്നതാണെന്നാണ് പൊലീസിനോട് പ്രതികൾ പറഞ്ഞത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.