അഞ്ചൽ: മലയോര ഹൈവേയിൽ ഏരൂർ മുസ്ലിം പള്ളിക്കു സമീപം റോഡിൽ മലിനജലമൊഴുക്കിയവരെ നാട്ടുകാർ വാഹനം തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഇതുവഴി പോയ ലോറിയിൽ നിന്ന് മലിനജലം വീണ് ദുർഗന്ധം വമിക്കുകയുണ്ടായി. ഇതേത്തുടർന്ന് സംഘടിച്ച നാട്ടുകാർ ചരക്ക് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തവേ കുളത്തൂപ്പുഴ ഭാഗത്തുനിന്നെത്തിയ മീൻ ലോറി കൈകാണിച്ചെങ്കിലും നിർത്താതെ പോയി.
ഉടൻ മറ്റൊരു വാഹനം മുന്നിലിട്ട് തടസ്സപ്പെടുത്തുകയും ഏരൂർ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാഹനവും ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലുള്ള വാഹനത്തിലെ മത്സ്യം പരിശോധിക്കാനായി സ്റ്റേഷനിലെത്തിയെങ്കിലും വാഹനം അപ്രത്യക്ഷമായിരുന്നു.
ഏരൂർ പൊലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാഹനത്തെ പിന്തുടർന്ന് തടിക്കാട് ഭാഗത്തുവെച്ച പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും വാഹനത്തിന്റെ ടാങ്ക് മൂന്ന്ദിവസത്തോളമായി വൃത്തിയാക്കിയിട്ടില്ലെന്നും വ്യക്തമായി. വാഹനം ശുചീകരിക്കാൻ നിർദേശം നൽകുകയും പോലീസ് പിഴ ഈടാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.