അഞ്ചൽ: ഓയിൽപാം ഇന്ത്യയുടെ ഭാരതീപുരം എസ്റ്റേറ്റിൽ കറവപ്പശുവിനെ മൃഗവേട്ടക്കാർ കൊന്ന് ഇറച്ചിയെടുത്തു. വിളക്കുപാറ കൊച്ചുകളം തുണ്ടിൽവീട്ടിൽ രാജന്റെ കറവപ്പശുവിനെയാണ് കശാപ്പ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പശുവിനെ കൊന്നത്. എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിട്ടിരുന്ന പശു സന്ധ്യയായിട്ടും തിരികെയെത്താതിരുന്നതിനാൽ രാജനും കുടുംബാംഗങ്ങളും മറ്റും പരിസരമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ തോട്ടത്തിൽ പശുവിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതായ വിവരം അറിഞ്ഞ് രാജൻ സ്ഥലത്തെത്തി കൊല്ലപ്പെട്ടത് തന്റെ പശുവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഏരൂർ പൊലീസിൽ പരാതിനൽകി.
എണ്ണപ്പനത്തോട്ടത്തിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ മോഷ്ടാക്കൾ കൊന്ന് ഇറച്ചിയെടുക്കുന്നത് സ്ഥിരമാണ്. തോട്ടം തൊഴിലാളികളുടെയും മറ്റ് നാട്ടുകാരുടെയും വളർത്തുമൃഗങ്ങളെ എണ്ണപ്പനത്തോട്ടത്തിലാണ് മേയാൻ വിട്ടാൽ വൈകുന്നേരത്തോടെ തിരികെയെത്തുകയാണ് പതിവ്. ഇവയെ പിടികൂടി കശാപ്പ് ചെയ്ത് കാട്ടിറച്ചിയെന്ന പേരിൽ നാട്ടിലെത്തിച്ച് വൻ വിലയാണ് വാങ്ങുന്നത്. അപൂർവം ചില കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.