അഞ്ചൽ: പ്ലാസ്റ്റിക്കും ഓടയിൽനിന്നുള്ള മാലിന്യവും സ്വകാര്യ ഭൂമിയിൽ പഞ്ചായത്തധികൃതരുടെ നിർദേശാനുസരണം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടിയതായി പരാതി. അഞ്ചൽ ചന്തമുക്കിൽ കശുവണ്ടി ഫാക്ടറിക്ക് സമീപം തുറസ്സായ 40 സെൻറ് പുരയിടത്തിലാണ് മാലിന്യം കുഴിച്ചിട്ടത്.
വിവരമറിഞ്ഞെത്തിയ വസ്തു ഉടമ തഴമേൽ സ്വദേശി ജോൺ സാമുവൽ പ്രവൃത്തി തടയുകയും അഞ്ചൽ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് മണ്ണുമാന്തി യന്ത്രത്തെയും പഞ്ചായത്ത് അധികൃതരെയും തിരിച്ചയക്കുകയുണ്ടായി.
ഓടയിൽ നിന്നുള്ള മാലിന്യം മുഴുവൻ പഞ്ചായത്തധികൃതർ തൻറെ പുരയിടത്തിൽ അനധികൃതമായി കുഴിച്ചിടുകയാണെന്നും 2019 മുതൽ ഈ പ്രവൃത്തി നടക്കുകയാണെന്നും ഇതിനെതിരെ താൻ നൽകിയ പരാതികൾക്കൊന്നും പരിഹാരമുണ്ടായിട്ടില്ലെന്നും ഇത് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വസ്തു ഉടമ ജോൺ സാമുവൽ പറഞ്ഞു.
എന്നാൽ, തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കിടന്ന് ജീർണിച്ച് കൊതുക് പെരുക്കുന്നതായുള്ള പരാതിയുണ്ടെന്നും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശാനുസരണമാണ് മാലിന്യം മറവ് ചെയ്യാൻ നടപടിയെടുത്തതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.