അഞ്ചൽ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ വാക്കേറ്റവും സംഘട്ടനവും നടത്തിയ സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തു. കഴിഞ്ഞ 27ന് ആയൂർ ജങ്ഷനിലാണ് സിനിമാ സ്റ്റൈൽ സംഭവങ്ങൾ നടന്നത്. പുനലൂർ ആറ്റിങ്ങൽ റൂട്ടിൽ സർവിസ് നടത്തുന്ന ഡ്രീംസ് ബസിലേയും അഞ്ചൽ -ഓയൂർ റൂട്ടിൽ സർവിസ് നടത്തുന്ന നബീൽ ബസിലേയും ജീവനക്കാരാണ് സമയക്രമത്തെച്ചൊല്ലി ഏറ്റുമുട്ടിയത്. മുന്നേ പോയ നബീൽ ബസിനെ പിന്നാലെയെത്തിയ ഡ്രീംസ് ബസ് റോഡിൽ കുറുകേയിട്ട് തടഞ്ഞ ശേഷമാണ് ആക്രമണം. സംഭവ സമയത്ത് ഇരു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ഏറെനേരം സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് വാഹനങ്ങൾ മാറ്റിയത്.
സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ നാട്ടുകാരിലാരോ മോട്ടോർ വാഹന വകുപ്പധികൃതർക്ക് അയച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും നിയമ ലംഘനം നടത്തിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെ നടപടികൾക്കായി ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകി. റോഡിൽ അടിപിടിയുണ്ടാക്കിയതിന്റെ പേരിൽ ചടയമംഗലം പൊലീസും ബസ് ജീവനക്കാർക്കെതിരേ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.