അഞ്ചൽ: അംഗൻവാടി കെട്ടിടത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി ഗ്രാമപഞ്ചായത്തംഗവും അംഗൻവാടി അധ്യാപികയും തമ്മിൽ തർക്കവും ഒടുവിൽ പൊലീസ് കേസും. ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ തച്ചക്കോട് അംഗൻവാടി കെട്ടിടത്തെച്ചൊല്ലിയാണ് തർക്കം. അംഗൻവാടിയോട് ചേർന്ന് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹാൾ ഗ്രാമകേന്ദ്രമായും തൊഴിലുറപ്പ്, ഹരിതകർമ സേന മുതലായവരുടെ കേന്ദ്രമായും പ്രവർത്തിക്കുന്നതിനാണ് നിർമിച്ചിരുന്നത്. അംഗൻവാടിയിലെ കുട്ടികളെ ഉച്ചനേരങ്ങളിൽ ഉറക്കുന്നതിനും അവരുടെ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും സൂക്ഷിക്കുന്നതും ഇതിനുള്ളിലായിരുന്നതിനാൽ ഗ്രാമകേന്ദ്രം പ്രവർത്തിക്കാൻ കഴിയാതെ വന്നു. ഇരുകെട്ടിടത്തിന്റെയും താക്കോൽ അംഗൻവാടി അധ്യാപികയാണ് സൂക്ഷിച്ചിരുന്നത്.
ഗ്രാമപഞ്ചായത്തംഗം അധ്യാപികയോട് താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസറെ അറിയിച്ചുവെങ്കിലും താക്കോൽ കൈമാറാൻ അവരും താൽപര്യപ്പെട്ടില്ല. പഞ്ചായത്തംഗം പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സൂപ്പർവൈസറെയും അധ്യാപികയെയും പഞ്ചായത്തിൽ വിളിച്ചു വരുത്തി. താക്കോൽ വാങ്ങി പഞ്ചായത്തംഗത്തിന് കൈമാറി. ഇതിനിടെ പഞ്ചായത്തംഗത്തിനെ മോശമായി ചിത്രീകരിച്ച് പ്രദേശത്ത് പോസ്റ്റർ പ്രചരിപ്പിച്ചു. ഇതിനുപിന്നിൽ അംഗൻവാടി അധ്യാപികയാണെന്ന് ആരോപിച്ച് പഞ്ചായത്തംഗം അഞ്ചൽ പൊലീസിൽ പരാതി നൽകി. അംഗൻവാടി കുട്ടികളുടെ രക്ഷാകർത്താക്കളുടെയും ഒരുവിഭാഗം നാട്ടുകാരുടെയും പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതരെത്തി കെട്ടിടത്തിന്റെ നിലവിലുള്ള പൂട്ട് ഇളക്കി മാറ്റി പുതിയ പൂട്ട് സ്ഥാപിച്ചു താക്കോൽ അധ്യാപികയെ ഏൽപിച്ചു. സംഭവത്തെ നിയമപരമായി നേരിടുമെന്ന് ഗ്രാമപഞ്ചായത്തംഗം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.