അഞ്ചൽ: തിരക്കേറിയ റോഡിൽ അമിത വേഗതയിലെത്തിയ ആംബുലൻസ് ബൈക്ക് യാത്രികനെയും മറ്റൊരു വാഹനത്തിലും ഇടിച്ചു. ബൈക്ക് യാത്രികനായ പനച്ചവിള പുത്താറ്റ് രമ്യ ഭവനിൽ വിഷ്ണുവിനെ (20) ഗുരുതരപരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയൂർ ജങ്ഷനിൽ അണ്ണെ ആശുപത്രിക്ക് മുന്നിലാണ് അപകടം. അമിത വേഗതയിലെത്തിലെത്തിയ ആംബുലൻസ് ബൈക്കിനെ ഇടിച്ച ശേഷം മുന്നോട്ട് നീങ്ങുകയും പിന്നീട് റിവേഴ്സിൽ വന്ന് വീണ്ടും ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് മുന്നോട്ട് എടുത്ത ആംബുലൻസ് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂക്കടയുടെ മുന്നിൽ പാർക്ക് ചെയ്ത തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്അപിനെ ഇടിച്ച ശേഷം നിർത്താതെ പോയി. ആംബുലൻസ് ഡ്രൈവർ മദ്യലഹരിയിലാണ് പരാക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ചൽ സർവീസ് സഹകരണ ബാങ്കിന്റേതാണ് ആംബുലൻസ്. അതിൽ രേഖപ്പെടുത്തിയ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ അസഭ്യവാക്കുകളാണ് കേൾക്കാൻ കഴിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചൽ തഴമേൽ സ്വദേശിയാണ് ആംബുലൻസ് ഡ്രൈവറെന്ന് പറയപ്പെടുന്നു. തകർന്ന പിക്അപിന്റെ ഉടമ കേസിനില്ലെന്ന് പറഞ്ഞ് തിരികെപോയി. ചടയമംഗലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.