അഞ്ചൽ: ആരോഗ്യവകുപ്പിെൻറയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിെൻറയും കണ്ണുവെട്ടിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യം നാട്ടിൻപുറങ്ങളിൽ സുലഭം. പുലർച്ച അഞ്ചുമുതൽ ഗ്രാമങ്ങളിലെ ഊടുവഴികളിൽപോലും ഇരുചക്രവാഹനങ്ങളിലും പിക് അപ് ഓട്ടോകളിലുമാണ് വിതരണക്കാർ മീനെത്തിക്കുന്നത്. നീണ്ടകരയിൽനിന്നുള്ള മീനെന്ന വ്യാജേനയാണ് വിൽപന. നൂറുരൂപയാണ് കുറഞ്ഞ വില .
കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന 35 പെട്ടി മീൻ അഞ്ചൽ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. പൊലീസ് പിടികൂടുന്നതിനുമുമ്പ് മറ്റ് പല സ്ഥലത്തും മത്സ്യം ഇറക്കിയശേഷമാണ് വാഹനം അഞ്ചലിലെത്തിയതെന്നും അത് ചെറുകിട കച്ചവടക്കാർക്കെത്തിച്ചെന്നും പറയപ്പെടുന്നു. മത്സ്യം വഴി നീളെ കൊണ്ടുപോയി വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം വിൽപനക്കാരുടെ എണ്ണം പെരുകുകയാണ്. ലൈസൻസ് എടുത്തശേഷം കടകൾ കേന്ദ്രീകരിച്ച് മത്സ്യവിൽപന നടത്താൻ അനുവാദമുണ്ട്.
അനധികൃതമായി വിതരണം ചെയ്യുന്ന മത്സ്യം വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിക്കപ്പെടുകയാണ്. മത്സ്യവിതരണക്കാരുമായുള്ള സമ്പർക്കം മൂലം കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച പ്രദേശമാണ് അഞ്ചൽ മേഖല.
മീൻ വാങ്ങുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും അനധികൃത വിൽപനക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും നിയമവിരുദ്ധവ്യാപാരം ശ്രദ്ധയിൽപെട്ടാൽ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.