അഞ്ചൽ: ജനവാസ മേഖലയിൽ പൊതുശ്മശാനം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഏരൂർ ഗ്രാമപഞ്ചായത്തിലെ ഇളവറാംകുഴിയിലാണ് പ്രതിഷേധം നടന്നത്. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വനിതകളടക്കമുള്ള നിരവധി പേർ പങ്കെടുത്തു. എട്ട് വർഷമായി പ്രവർത്തനരഹിതമായ പാറക്വോറിയുടെ ഭാഗമായ സ്ഥലം വിലക്ക് വാങ്ങി അവിടെ ശ്മശാനം ആരംഭിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം മാറ്റണമെന്നും ജനവാസമുള്ള ഈ പ്രദേശത്ത് പൊതുശ്മശാനം നിർമ്മിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. ജനവസമില്ലാത്തതും വനത്തോട് ചേർന്നുള്ളതുമായ നിരവധി പ്രദേശങ്ങൾ പഞ്ചായത്തിലുണ്ടെന്നും അവിടെ നിർമ്മിക്കാതെ ജനവാസമേഖലയിൽ തന്നെ പൊതു ശ്മശാനം നിർമ്മിക്കാനുള്ള തീരുമാനം കൈകൊണ്ടതിൽ അഴിമതി ഉണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയതായും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ആക്ഷൻകൗൺസിലിന്റെ തീരുമാനമെന്നും ആക്ഷൻ കൗൺസിൽ രക്ഷാധികാരി കെ.അനിമോൻ, ഭാരവാഹികളായ ഐഷ ബീവി, വിക്രമൻ എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.