അഞ്ചൽ: രണ്ടര വർഷക്കാലമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ ബസ് ഡ്രൈവർമാർ. അഞ്ചലിലെ പ്രമുഖ അൺ എയ്ഡഡ് സ്കൂളിലെ ഏഴ് ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അധികൃതരിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്നതായും ഡ്രൈവർമാർ പറയുന്നു.
കോവിഡ് കാലത്ത് സ്കൂളിൽ പഠനമില്ലായിരുന്നുവെങ്കിലും രക്ഷിതാക്കളിൽ നിന്ന് സ്കൂൾ മാനേജ്മെന്‍റ് വിദ്യാർത്ഥികളുടെ ഫീസ് ഈടാക്കിയിരുന്നു. ഇക്കാലയളവിൽ തങ്ങൾക്ക് ശമ്പളമോ, ക്ഷേമനിധി, ഇ.എസ്.ഐ വിഹിതമടവോ നടത്തിയിട്ടില്ല. ഡ്രൈവർമാർ സ്വയം പിരിഞ്ഞു പോകണമെന്ന നിലപാടാണ് മാനേജ്മെന്‍റ് സ്വീകരിച്ചിരിക്കുന്നതെന്നും 12 വർഷത്തോളമായി പണിയെടുക്കുന്ന തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങൾ നൽകാൻ മാനേജ്മെൻറ് തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷ പ്രത്യക്ഷ സമരപരിപാടി നടത്തുമെന്നും ഐ.എൻ.ടി.യു.സി ഡ്രൈവേഴ്സ് യൂണിയൻ കൺവീനർ വലിയവിള വേണു ലാൽ, യൂണിയൻ പ്രസിഡന്‍റ് ജി.സുരേഷ്, ഡ്രൈവർമാരായ മനാഫ് കോട്ടുക്കൽ, സുദർശന ബാബു, എ.സലീം, സുനിൽകുമാർ, മോഹൻലാൽ, പ്രദീപ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.