അഞ്ചൽ: ഉത്സവത്തിന് വിരുന്നിനെത്തിയവരുടെ സ്വർണ്ണാഭരണങ്ങൾ അപഹരിച്ചത് സമീപത്തെ വീട്ടുപടിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇടയം ജങ്ഷനിൽ അശ്വനി ഭവനിൽ ബാബുവിന്റെ വീട്ടിലെ അടുക്കളയുടെ വാതിൽപ്പടിയിൽ വേസ്റ്റ്ബിന്നിൽ ചവിട്ടുപായ കൊണ്ട് മൂടിയ നിലയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഒരു വളയും മാലയും കണ്ടെത്തിയത്. അഞ്ചൽ പൊലീസെത്തി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു.
ഇടയം രഞ്ജുഭവനിൽ ചന്ദ്രബോസിന്റെ വീട്ടിൽ കഴിഞ്ഞ മാസം നാലിന് രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട ഉത്സവം പ്രമാണിച്ച് വിരുന്നിനെത്തിയ ബന്ധുക്കളായ തിരുവനന്തപുരം സ്വദേശികളുടെ അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കളവ് പോയത്. വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ ബാഗുകളിൽ സൂക്ഷിച്ചിരുന്നതാണ് സ്വർണ്ണവും പണവും.
കതക് തുറക്കുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും അടങ്ങിയ ബാഗ് കാണാതായെന്ന് കണ്ടെത്തിയത്. പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഇടയം ജങ്ഷനിൽ നിന്നും രണ്ട് ബാഗുകൾ കണ്ടെത്തി. ബാഗിനുള്ളിൽ പണമോ സ്വർണ്ണമോ ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ഡോഗ് സ്ക്വോഡ്, ഫിംഗർ പ്രിന്റ് വിഭാഗം എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പൊലീസ് സ്ഥലത്തെ സി.സി ടി.വി കാമറകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഒരു മാസം മുമ്പും സമാനമായ സംഭവം ഇവിടെയുണ്ടായി. ഒന്നര മാസം മുമ്പ് വീട് കുത്തിത്തുറന്ന് അപഹരിക്കപ്പെട്ട സ്വർണ്ണാഭരണം സമീപത്തെ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.