അഞ്ചൽ: വാളകം പ്രദേശത്ത് തെരുവുനായ്ക്കളുെടയും കുരങ്ങുകളുടെയും ശല്യം രൂക്ഷമാണെന്നും ഇതുമൂലം ജനജീവിതം ദുസ്സഹമായെന്നും ഗ്രാമസഭ യോഗത്തിൽ നാട്ടുകാരുടെ പരാതി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാളകം 22ാം വാർഡ് ഗ്രാമസഭ യോഗത്തിലാണ് നാട്ടുകാർ വിഷയം ഉന്നയിച്ചത്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
പുരയിടങ്ങളില്‍ കൃഷി ചെയ്ത് ആദായം എടുക്കാൻ പറ്റാത്ത സാഹചര്യമാണ്. വാഴ, മരച്ചീനി, ഇടവിള കൃഷികള്‍, പച്ചക്കറികള്‍ എല്ലാം കുരങ്ങുകൾ നശിപ്പിക്കുകയാണ്. നാളികേരകര്‍ഷകര്‍ക്ക് ഒരു ആദായവും കിട്ടാത്ത അവസ്ഥയാണ്. വിടര്‍ന്നുവരുന്ന കൂമ്പുകള്‍ പോലും കുരങ്ങുകൾ കടിച്ചുനശിപ്പിക്കുന്നു. താമസിക്കുന്ന വീടുകള്‍ക്കും അനവധി കേടുപാടുകള്‍ സംഭവിക്കുന്നു. വീടിനകത്ത് കയറി ഇലക്ട്രിക് ഉപകരണങ്ങള്‍ നശിപ്പിക്കുന്നു.
അലക്കിയിട്ട തുണികള്‍ കടിച്ചുകീറിക്കളയുകയും എടുത്തുകൊണ്ട് പോവുകയും ചെയ്യുകയാണ്. കുടിവെള്ള പൈപ്പുകൾ വലിച്ച് ഒടിക്കുകയും ടാങ്കുകളിൽ ഇറങ്ങി കുളിക്കുകയും വെള്ളം മലിനപ്പെടുത്തുകയുമാണ്.
കഴിഞ്ഞ 26ന് ജില്ല പഞ്ചായത്തിൽ കൂടിയ കാര്‍ഷിക വികസനസമിതി യോഗത്തില്‍ വാളകം വാര്‍ഡിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടന്നും ഇടമുളയ്ക്കല്‍ പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് കൃഷി ഓഫിസും കൂടി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും കാര്‍ഷിക വികസന സമിതി അംഗം സി. മോഹൻ പിള്ള ഗ്രാമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വാളകം വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരശ്രദ്ധയില്പെടുത്തി പരിഹാരം ഉണ്ടാക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഗ്രാമസഭ യോഗത്തില്‍ ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.