കൊല്ലം: അംഗൻവാടികളെ ഊർജകാര്യക്ഷമമാക്കുന്നതിനായി നടപ്പാക്കുന്ന അംഗൻജ്യോതി പദ്ധതിക്ക് ജില്ലയിൽ തുടക്കം. നവകേരളം കർമപദ്ധതിയുടെ ഭാഗമായി അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്നതിന് എനർജി മാനേജ്മെന്റ് സെന്റർ ഹരിതകേരളം വകുപ്പുമായി സംയോജിപ്പിച്ച് നടത്തുന്ന കാമ്പയിനാണിത്. ആദ്യഘട്ടത്തിൽ അംഗൻവാടികൾ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജത്തിന്റെ സഹായത്തോടെയുള്ളവയാക്കുകവഴി ഊർജസംരക്ഷണവും കാർബൺ പുറംതള്ളുന്നതിന്റെ ലഘൂകരണവും വിഭാവനം ചെയ്യുന്നു. അംഗൻ ജ്യോതി നടപ്പാക്കുന്നതിനായി സംസ്ഥാനത്താകെ 92 തദ്ദേശ സ്ഥാപനങ്ങളിലായി 2040 അംഗൻവാടികളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ജില്ലയിലാദ്യമായി പൂതക്കുളം പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെന്മല, അലയമൺ, കരവാളൂർ, പട്ടാഴി വടക്കേക്കര, കരിപ്ര, നെടുമ്പന, തെക്കുംഭാഗം, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നിങ്ങനെ 10 ഗ്രാമപഞ്ചായത്തുകളിലായി 250 അംഗൻവാടികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയിലൂടെ ഒരു അംഗൻവാടിയിൽ പ്രതിവർഷം പാചകവാതക ഇനത്തിൽ 9000 രൂപയും വൈദ്യുതി ഇനത്തിൽ 4000 രൂപയും ലാഭിക്കാം.
കൂടാതെ രണ്ട് ടൺ കാർബൺ ബഹിർഗമനം കുറക്കാനും സാധിക്കും. 28 അംഗൻവാടികൾക്ക് ഗ്യാസിനുപകരം ആഹാരം പാചകം ചെയ്യുന്നതിനായി കാർബൺ ബഹിർഗമനമില്ലാത്തതും വേഗത്തിലുള്ള പാചകം ഉറപ്പുവരുത്തുന്നതുമായ ഇൻഡക്ഷൻ അടുപ്പുകളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്. ഇതിനുപുറമെ ഇഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ തുടങ്ങിയ പാത്രങ്ങളും ബി.എൽ.ഡി.സി ഫാൻ തുടങ്ങിയവയും എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെ വിതരണം ചെയ്യും. എം.എൽ.എ, എം.പി, സി.എസ്.ആർ, ത്രിതലപഞ്ചായത്ത് ഫണ്ട് തുടങ്ങിയവ കണ്ടെത്തി സോളാർ പാനൽ സ്ഥാപിച്ച് നെറ്റ്സീറോ കാർബണിലേക്ക് അംഗൻവാടികളെ എത്തിക്കുകയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യംെവക്കുന്നത്.
തുടർന്ന് സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പദ്ധതി വഴി നെറ്റ് സീറോ കാർബണിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അന്തരീക്ഷത്തിൽ കാർബൺ പുറന്തള്ളുന്നതിന്റെ അളവ് കണ്ടെത്തുന്നതിനായി ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് വിട്ടുകിട്ടിയ സർക്കാർ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ, കൃഷിയിടങ്ങൾ എന്നിവയിൽ സർവേ നടത്തി കാർബൺ ബഹിർഗമനം കണ്ടെത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ സ്ഥാപനങ്ങളിലും ഇതിനായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ വഴി വിദ്യാർഥികളുടെ സഹായത്തോടെ സർവേ നടത്തി കാർബൺ പുറംതള്ളുന്നതിന്റെ തോത് കണ്ടെത്താനുള്ള പ്രവർത്തനവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.