കൊല്ലം: മിനിലോറിയിൽ വിൽപനക്കായി കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം വർക്കല പുതുവൽ പുത്തൻവീട്ടിൽ ജിനുവിനെയാണ് (48) കുറ്റക്കാരനെന്ന് കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ശാലീന വി.ജി. നായർ ശിക്ഷിച്ച് ഉത്തരവായത്.
2020 നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം-കൊട്ടാരക്കര എം.സി റോഡിൽ എക്സൈസ് സംഘം പുലർച്ച 5.30ന് മേലിലയിൽ റോഡരികിൽവെച്ചാണ് പ്രതിയെ പിടികൂടിയത്. മിനി ലോറി പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് വാഹനം നിർത്തിയ എക്സൈസ് സംഘത്തെ കണ്ട് ഡ്രൈവിങ് സീറ്റിലിരുന്നയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നി ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ലോറിയുടെ കാബിൻ പരിശോധിച്ചപ്പോൾ ഒരു തുണിസഞ്ചിയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 1.840 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ തമിഴ്നാട് കമ്പം എന്നസ്ഥലത്തുനിന്ന് വാങ്ങി വിൽപനക്കായി കൊണ്ടുവന്നതാണെന്ന് സമ്മതിച്ചിരുന്നു.
കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടി കേസെടുത്തത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുല്ലയാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.