കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ അളവിൽ പരിഹാരമാകുന്ന ആശ്രാമം ലിങ്ക് റോഡിന്റെ അഷ്ടമുടി കായലിലൂടെ നിർമിച്ച ഫ്ലൈഓവർ മൂന്നാംഘട്ടം നവംബറിലോ ഡിസംബറിലോ തുറന്നുകൊടുക്കും. ഹൈസ്കൂൾ ജങ്ഷൻ-അഞ്ചാലുംമൂട് റോഡിൽ രാമവർമ ക്ലബ് ജങ്ഷനെ ബന്ധിച്ചുകൊണ്ടാണിത്. ആർ.ടി.സി ജങ്ഷൻ മുതൽ ഓലയിൽക്കടവ് വരെയാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം. ഇവിടെ നിന്നും രാമവർമ ക്ലബ് വരെ നിലവിൽ റോഡുണ്ട്.
അഞ്ചാലുംമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ രാമവർമ ക്ലബ് ഭാഗത്ത് നിന്ന് തിരിഞ്ഞ് ഓലയിൽക്കടവ് വഴി ലിങ്ക് റോഡിലൂടെ കെ.എസ്.ആർ.ടി.സി ജങ്ഷനിലേക്ക് കടത്തിവിടാനാണ് ആലോചന. വൺവേ സംവിധാനത്തിലാവും വാഹനങ്ങൾ കടത്തിവിടുക. ആശ്രാമം മുനീശ്വരൻകോവിൽ-കച്ചേരി റോഡിന്റെ നവീകരണം പൂർത്തീകരിക്കുന്നതോടെയാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം തുറക്കുക. കെ.എസ്.ആർ.ടി.സി ജങ്ഷഷൻ നവീകരണവും റോഡ് നിർമാണത്തിനൊപ്പം പൂർത്തിയാക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 105 കോടി രൂപ ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമാക്കുന്നത്. കരയിലൂടെ 80.40 മീറ്റർ നീളത്തിൽ റോഡും അഷ്ടമുടിക്കായലിലൂടെ 11.1 മീറ്റർ വീതിയിലും 1004 മീറ്റർ നീളത്തിലും ഫ്ലൈഓവർ പൂർത്തിയായിട്ടുണ്ട്. കായലിൽ നിർമിച്ച 39 സ്പാനുകൾക്കു മുകളിലാണ് ഫ്ലൈഓവർ ഉറപ്പിച്ചത്.
ഇതിനിടെ, ഓലയിൽകടവ്-രാമവർമ ക്ലബ് റോഡ് വീതികൂട്ടാൻ 25 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എം. മുകേഷ് എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണിത്. 432 മീറ്റർ നീളത്തിലുള്ള റോഡിന്റെ വീതി നാല്-ആറ് മീറ്ററാണ്. രണ്ടുവരിപ്പാതയായി റോഡ് വികസിപ്പിക്കാനാണ് ആലോചന. ഇതിന് 60 സെന്റ് സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടിവരും. ദേശീയപാത നിലവാരത്തിൽ റോഡ് നിർമിക്കും. ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ട നിർമാണത്തിന് 190 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോർഡ് കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ സമർപ്പിച്ചിരുന്ന 150 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ഡിസൈൻ മാറ്റംവരുത്തിയാണ് പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.