കൊല്ലം: കടൽപ്പണിയിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും മോശം വർഷം നൽകിയ ആഘാതത്തിൽ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. കനത്ത മത്സ്യക്ഷാമം നേരിട്ട മാസങ്ങൾക്ക് പിന്നാലെ മോശം കാലാവസ്ഥ കാരണം കടലിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയിൽ വറുതിയിലാണ് തീരത്തെ കുടുംബങ്ങൾ.
ഫെബ്രുവരി അവസാനം മുതൽ കടലിൽ നിന്ന് മോശമല്ലാതെ മത്സ്യം ലഭിച്ചു തുടങ്ങുന്ന പതിവിന് വിപരീതമായി ഇത്തവണ കനത്ത മത്സ്യക്ഷാമമാണ് ബോട്ടുകളെയും പരമ്പരാഗത വള്ളങ്ങളെയും കാത്തിരുന്നത്. ഇതിന് പിന്നാലെയാണ് മോശം കാലാവസ്ഥ കാരണം കടലിൽ പോകരുത് എന്ന മുന്നറിയിപ്പ് കൂടിവന്നത്.
രണ്ടാഴ്ചയായി കടലിൽ പോകാൻ കഴിയുന്നില്ല. സാധാരണ കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടെങ്കിൽ പോലും ധൈര്യം സംഭരിച്ച് കടലിൽ പോകാറുള്ള ബോട്ടുകളും വള്ളങ്ങളും പോലും ഇത്തവണ ‘റിസ്ക്’ എടുക്കാൻ ഇറങ്ങുന്നില്ല. പ്രവചനാതീതമായ കാറ്റാണ് മത്സ്യതൊഴിലാളികളെ ഭയപ്പെടുത്തുന്നത്.
ആഴക്കടലിൽ കാറ്റ് കാരണം ബോട്ടുകൾക്ക് നിലയുറപ്പിക്കാനും വലയിടാനും കഴിയാത്ത സ്ഥിതിയാണ്. രണ്ടുംകൽപ്പിച്ച് പോയി അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാരം ഉണ്ടാകില്ല എന്ന സർക്കാറിന്റെ കർശന നിലപാടും റിസ്ക് എടുക്കുന്നതിൽ നിന്ന് മാറ്റിചിന്തിക്കാൻ മത്സ്യതൊഴിലാളികൾക്ക് പ്രേരണയായിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ ഇത്രയും നഷ്ടം നേരിട്ട വർഷം ഉണ്ടായിട്ടില്ല എന്നാണ് മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിൽ ചെറിയ ബോട്ടുകാർക്കും വള്ളങ്ങൾക്കും മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന മത്സ്യം ലഭിച്ചിട്ടില്ല. ആഴക്കടലിൽ നിന്ന് വൻ ‘കപ്പൽ’ ബോട്ടുകൾ കുഞ്ഞുമീനുകളെ ഉൾപ്പെടെ വാരിക്കൊണ്ടുവരുന്നത് ക്ഷാമത്തിന് പ്രധാനകാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിടിക്കാൻ പാടില്ലാത്ത മത്സ്യങ്ങളെ വരെ കോരിയെടുത്താണ് ചില ബോട്ടുകൾ തിരികെ വരുന്നത്. മനുഷ്യർക്ക് കഴിക്കാനായി മത്സ്യം കൊണ്ടുവരുന്നതിനല്ല, വളം നിർമിക്കാനായായാണ് ഇത്തരം ബോട്ടുകൾ പലതും കടലിൽ നിന്ന് മത്സ്യം കോരിയെടുത്ത് കൊണ്ടുവരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കുഞ്ഞു മത്സ്യങ്ങളും, മറ്റ് മത്സ്യങ്ങളുടെ ഭക്ഷണമായി കടലിന്റെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുപോകുന്ന മത്സ്യങ്ങളും വരെ ഇത്തരത്തിൽ വമ്പൻ ബോട്ടുകൾ വലിച്ചെടുക്കാറുണ്ട്. ബോട്ടുകൾ കടലിൽ കിടക്കുമ്പോൾ തന്നെ കമ്പനികളുമായി ഇത്തരം ‘വളം മത്സ്യം’ വിൽപന ഡീലും നടന്നിരിക്കും.
വൻകിട കുത്തക സംഘങ്ങളുടെ ബോട്ടുകൾ ഇത്തരത്തിൽ മത്സ്യം മുഴുവൻ കോരിയെടുത്ത് പോകുമ്പോൾ മാന്യമായി മത്സ്യം പിടിച്ച് വിൽപന നടത്താൻ പോകുന്ന ചെറുകിട ബോട്ടുകാരും വള്ളക്കാരുമാണ് വലിയ ദുരിതം നേരിടുന്നത്. കൊല്ലം തീരത്ത് അന്നന്നേക്കുള്ള മത്സ്യം പിടിച്ച് വിറ്റ് ജീവിക്കുന്ന വള്ളക്കാർ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്.
ഏതാനും വർഷങ്ങളായി ട്രോളിങ് നിരോധനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ കാലാവസ്ഥ പ്രതികൂലമായി കടൽ പ്രക്ഷുബ്ധമാകുന്ന സ്ഥിതി തന്നെയാണ് ഇത്തവണയും ആവർത്തിക്കുന്നത്. എന്നാൽ, മുൻ വർഷങ്ങളിൽ അതിന് മുമ്പുള്ള മാസങ്ങളിൽ മോശമല്ലാത്ത പണി ലഭിക്കുമായിരുന്നു.
ഇത്തവണ അതുണ്ടായില്ല എന്നതാണ് ദുരിതമേറ്റുന്നത്. ജൂൺ 10ന് ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെ ബോട്ടുടമകൾ കടുത്ത പ്രശ്നത്തിലാണ്. പലരും ബോട്ടുകൾ വിൽപ്പനക്ക് വെച്ചിട്ട് പോലും ആരും വാങ്ങാനില്ലാത്ത സ്ഥിതിയാണ്.
അശാസ്ത്രീയ മത്സ്യബന്ധനത്തിന് അറുതി വരുത്താതെ കൊല്ലം തീരത്തെ മത്സ്യസമ്പത്ത് പഴയസ്ഥിതിയിലാകില്ല എന്ന മുന്നറിയിപ്പാണ് മത്സ്യതൊഴിലാളികൾ നൽകുന്നത്. സർക്കാർ പോലും വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്നു എന്ന പരാതിയും അവർ ഉയർത്തുന്നു. കടുത്ത ദുരിതത്തിലായ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കണ്ണുതുറക്കണമെന്ന ആവശ്യമാണ് തൊഴിലാകളികൾ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.