കൊല്ലം: വെള്ളിയാഴ്ച മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ തീരദേശ മേഖലയിലെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ സബ് കലക്ടര്‍ക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായ കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ക്കും ചുമതല നല്കി കലക്ടർ അഫ്സാന പർവീൺ ഉത്തരവായി.
തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖകളിലൂടെയുള്ള യന്ത്രവത്കൃത യാനങ്ങളുടെ മത്സ്യബന്ധനത്തിന് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം. തുറമുഖങ്ങൾ ഈ ദിവസങ്ങളിൽ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും.
നദീമുഖത്തും അഷ്ടമുടിക്കായലിന്റെ കിഴക്കന്‍ തീരങ്ങളിലും ഇരുകരകളിലായുള്ള സ്വകാര്യ ജെട്ടികള്‍/ വാര്‍ഫുകളുടെ ഉടമകള്‍/ ഓപ്പറേറ്ററുമാര് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലാന്‍ഡിങ് സൗകര്യം നല്‍കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഇന്ധന പമ്പുകള്‍ ഒഴികെ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന പമ്പുകളുടെ ഉടമകള്‍/ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഇന്ധന ബങ്കുകള്‍ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനവും ജൂലൈ 28 വരെ വിൽക്കരുതെന്നും നിര്‍ദേശം നല്കി.
ട്രോളിങ് നിരോധന കാലയളവിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. അനധികൃത ഇന്ധന വില്പന നടക്കുന്നില്ലെന്ന് ജില്ല സപ്ലൈ ഓഫിസറും ജില്ല പൊലീസ് മേധാവിയും ഉറപ്പാക്കണം. ജൂണ്‍ 10 മുതല്‍ ജൂലൈ 28 വരെ കാനുകള്‍, ബോട്ടിലുകള്‍ എന്നിവയില്‍ ഇന്ധനം വില്‍ക്കരുത്.
അയല്‍സംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടതായി ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ല പൊലീസ് മേധാവി, പോര്‍ട്ട് ഓഫിസര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം, കോസ്റ്റര്‍ പൊലീസ്, ജില്ല സപ്ലൈ ഓഫിസര്‍, മത്സ്യഫെഡ് ജില്ല മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഡി.ഡി ഫിഷറീസിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.