കൊല്ലം: രാജ്യത്തെ മുൻനിര ഐ.ഐ.ടിയിൽ പഠിക്കണമെന്ന സ്വപ്നം യാഥാർഥ്യമാകുന്ന ത്രില്ലിനിടയിൽ ‘കീം’ ഒമ്പതാം റാങ്ക് ബോണസ് ആയി എത്തിയതിന്റെ സന്തോഷത്തിലാണ് പുനുക്കന്നൂർ സ്വദേശി ജെ. ശിവരൂപ്. ഞായറാഴ്ച ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം വന്നതിൽ 259 -ാം റാങ്ക് തിളക്കവുമായി ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ഉറപ്പിച്ചിരിക്കേയാണ് കീമിൽ സംസ്ഥാനത്ത് ആദ്യ പത്ത് റാങ്കിനുള്ളിലെത്തിയത്.
പ്ലസ്ടുവിന് കോട്ടയം കെ.ഇ മാന്നാനം സ്കൂളിൽ പഠിച്ച് 1200ൽ 1200 മാർക്ക് വാങ്ങിയ മികവുറ്റ വിജയത്തിന് പിന്നാലെയാണ് ഉപരിപഠനത്തിനുള്ള എൻട്രൻസ് പരീക്ഷണങ്ങളിൽ ഒന്നിന് പിറകെ ഒന്നായി മികച്ച റാങ്ക് നേട്ടം സ്വന്തമാക്കിയത്.
10ാം ക്ലാസിൽ കരിക്കോട് ടി.കെ.എം പബ്ലിക് സ്കൂളിൽ ഒന്നാമനായാണ് വിജയിച്ചത്. എൻജിനീയറിങ് കൂടാതെ നീറ്റ് പരീക്ഷയിലും അഖിലേന്ത്യതലത്തിൽ 3869ാം റാങ്ക് നേടിയിരുന്നു. എന്നാൽ, കമ്പ്യൂട്ടർ സയൻസിൽ ഐ.ഐ.ടി എൻജിനീയറിങ് എന്ന പത്താം ക്ലാസ് മുതലുള്ള സ്വപ്നം വിട്ടൊന്നുമില്ല.
ഈ സ്വപ്നത്തിന് പിറകെ പോകാനായാണ് സ്വയം താൽപര്യമെടുത്ത് പ്രത്യേക എൻട്രൻസ് പരിശീലനം ഉൾപ്പെടുന്ന പ്ലസ് ടു പഠനത്തിന് ശിവരൂപ് കോട്ടയത്തേക്ക് പോയത്. ടൈംടേബിൾ അനുസരിച്ചുള്ള കൃത്യമായ പഠനത്തിലൂടെ ആ സ്വപ്നം കൈപിടിയിലാക്കിയതിന്റെ സന്തോഷം ശിവരൂപിന്റെയും കുടുംബത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.
കാൻപൂർ, ഖരഖ്പൂർ ഐ.ഐ.ടികളിലൊന്നിൽ പഠിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്വിസ് മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുള്ളയാൾക്ക് ഭാവിയിൽ സിവിൽ സർവിസ് എന്നൊരു ആഗ്രഹം ഉണ്ടെങ്കിലും ഐ.ഐ.ടി ജീവിതമായിരിക്കും ഭാവി തീരുമാനിക്കുന്നതെന്ന് പറയുകയാണ് ശിവരൂപ്.
പെരുമ്പുഴ പുനുക്കന്നൂർ കളീക്കൽ വീട്ടിൽ ജയപ്രസാദ്- ദേവിപ്രിയ ദമ്പതികളുടെ മകനാണ്. നിയമസഭ സെക്രട്ടറിയേറ്റിൽ സെക്ഷൻ ഓഫിസർ ആണ് പിതാവ്. കൊല്ലം എസ്.എൻ വനിത കോളജിൽ ബോട്ടണി അസിസ്റ്റന്റ് പ്രഫസർ ആണ് മാതാവ്. ഇളയസഹോദരൻ ശ്രീരൂപ് പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ് വണ്ണിലേക്ക് പ്രവേശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.