കൊല്ലം: ആസ്തിവിറ്റ് പുനരുജ്ജീവനം തേടി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ. കൈവശമുള്ള അധിക ഭൂമിയെന്ന് കണ്ടെത്തിയ 25 സ്ഥലവും അതിലെ കെട്ടിടങ്ങളുമാണ് വിൽപനക്ക് ഒരുക്കിയിരിക്കുന്നതെന്ന് കേരള ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ ഓയൂർ- കൊട്ടാരക്കര റോഡിൽ മൈത്രി നഗറിലെ വസ്തുവും ആലുവ ചൂണ്ടിയിലെ ഭൂമിയുമാണ് ആദ്യം വിൽപനക്ക് നടപടി ആരംഭിച്ചിട്ടുള്ളത്. ഇതിനായി ടെൻഡർ വിളിച്ചുകഴിഞ്ഞു. കൊല്ലത്തേത് 90 സെന്റ് ഭൂമിയാണ്. ജില്ലയിൽ ഇനി മൂന്ന് ഭൂമി കൂടി ഇത്തരത്തിൽ വിൽപന നടത്തും. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത സ്റ്റോർ ഡിപ്പോകളായും മറ്റും ഉപയോഗിച്ചിരുന്ന ഭൂമികളാണ് വിൽക്കുന്നത്. മൊബൈൽ നെറ്റ്വർക്ക് ആധുനീകരണ നടപടികൾ പൂർത്തിയായിവരുകയാണ്. കേരളത്തിൽ 400 ഓളം ടവറുകളാണ് ഇതിന്റെ ഭാഗമായി പൂർത്തിയായി വരുന്നത്.
ജില്ലയിൽ അച്ചൻകോവിൽ, കുളത്തൂപ്പുഴ, തെന്മല മേഖലകളിലായി 34 സ്ഥലങ്ങളിൽ ടവർ നിർമാണം അന്തിമഘട്ടത്തിലാണ്. കുളത്തൂപ്പുഴ, കടയ്ക്കൽ, പിറവന്തൂർ പ്രദേശങ്ങളിലെ അഞ്ച് ടവറുകൾ കമീഷൻ ചെയ്തു. പദ്ധതി പൂർത്തിയാവുന്നതോടെ മലയോര മേഖലയിലടക്കം 4ജി ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും. കൊല്ലം മുതൽ കുണ്ടറ വരെയും ഓച്ചിറ മുതൽ പാരിപ്പള്ളി വരെയും ടവറുകളിൽ 4 ജി സൗകര്യം നൽകുന്നുതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മറ്റ് 70 ടവറുകളിലും ഇതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.
ഈ രണ്ട് പദ്ധതികൾ പൂർത്തിയാവുന്നതോടെ ജില്ല മുഴുവൻ 4ജി സംവിധാനമാകും. ജില്ലയിലെ 15 ശതമാനം ഭവനങ്ങളിൽ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് എത്തിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര സർക്കാറിന്റെ ഭാവത് ഉദ്യമി പദ്ധതിയിലൂടെ കൊല്ലം ബി.എസ്.എൻ.എൽ ഗ്രാമപ്രദേശങ്ങളിൽ 10,000 കണക്ഷനുകൾ നൽകി.
ജില്ലയിൽ നിലവിൽ 6.6 ലക്ഷം ബി.എസ്.എൻ.എൽ മൊബൈൽ കണക്ഷനുകളും 11,000 ലാൻഡ് ലൈൻ കണക്ഷനുകളുമുണ്ട്. പലകാരണങ്ങളാൽ വിട്ടുപോയ ലാൻഡ്ലൈൻ ഉപഭോക്താക്കളെ തരികെ കൊണ്ടുവരാനുള്ള മൺസൂൺ ഡ്രൈവ് പദ്ധതിയും പുരോഗമിക്കുന്നു. ജൂൺ ഒന്നിന് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം 100 കണക്ഷനുകൾ തിരിച്ചുവന്നു.
മറ്റ് മൊബൈൽ കമ്പനികൾ പ്രതിമാസം 200 രൂപ ഈടാക്കുമ്പോൾ ബി.എസ്.എൻ.എലിന് 80 രൂപ മാത്രമേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. കൊല്ലം ജനറൽ മാനേജർ ആർ. അനിൽ കുമാർ, ഡി.ജി.എമ്മുമാരായ എസ്.ഡി. അനിൽ കുമാർ, ശരവണൻ, എസ്. രാജലക്ഷ്മി, കോശി ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.