കൊല്ലം: പീരങ്കി മൈതാനത്ത് കെട്ടിടനിർമാണത്തിനുള്ള അനുമതി റദ്ദാക്കാൻ സാധ്യത. ചരിത്രപ്രസിദ്ധമായ മൈതാനത്തെ ഇല്ലാതാക്കി കെട്ടിടനിർമാണം വേണ്ടെന്ന് സി.പി.എം-സി.പി.ഐ ജില്ല നേതാക്കളുടെ യോഗത്തിൽ ധാരണയായതായി സൂചന. ശനിയാഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും.
കലക്ടറേറ്റ് അനക്സ് നിർമാണം വേണ്ടെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതിന് മുന്നോടിയായി മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം കേൾക്കും. റവന്യൂ വകുപ്പിന്റെയും കോർപറേഷന്റെയും നിർമാണപ്രവർത്തനങ്ങളും കൂടിയാലോചനകൾക്ക് ശേഷം മതിയെന്ന് ധാരണയിലെത്തിയിട്ടുണ്ട്. 2016-17 ലെ ബജറ്റിലാണ് കൊല്ലത്ത് റവന്യൂ ടവർ അനുവദിച്ചത്. പീരങ്കി മൈതാനത്ത് ടവർ സ്ഥാപിക്കണമെന്ന നിർദേശം കളക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതിക്ക് തത്ത്വത്തിൽ ഭരണാനുമതി നൽകി.
നിർവഹണ ഏജൻസിയായി ഹൗസിങ് ബോർഡിനെ ചുമതലപ്പെടുത്തി. പദ്ധതിക്ക് അടുത്തിടെ ഭരണാനുമതി ലഭിക്കാനുള്ള നടപടികൾ തുടങ്ങി. അതിനായി എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കാനായി ഹൗസിങ് ബോർഡുമായി കൂടിയാലോചന നടത്തിയിരുന്നു.
പീരങ്കി മൈതാനത്തെ ഇല്ലാതാക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തത്ത്വത്തിൽ നൽകിയ ഭരണാനുമതി റദ്ദാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. സി.പി.എം ജില്ല സെക്രട്ടറി തന്നെ റവന്യൂ ടവർ നിർമാണത്തിനെതിരെ രംഗത്തുവന്നു. ചരിത്രപ്രസിദ്ധമായ പീരങ്കി മൈതാനത്ത് കോര്‍പറേഷന്റെ അനുമതി കൂടാതെയും ഏകപക്ഷീയമായും റവന്യൂ ടവര്‍ നിർമിക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ തുറസ്സായി കിടക്കുന്ന മൈതാനം പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നതിന് അനിവാര്യമാണ്. റവന്യൂ അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം: ചരിത്രപരമായി ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലമാണ് പീരങ്കി മൈതാനം. 1938 സെപ്റ്റംബര്‍ രണ്ടിന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ദേശാഭിമാനികള്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവെപ്പില്‍ ആറ് പേര് ഇവിടെ രക്തസാക്ഷികളായി. തുടര്‍ന്നാണ് പീരങ്കി മൈതാനം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
1915 ല്‍ പെരിനാട് കലാപത്തെ തുടര്‍ന്ന് സാമൂഹികപരിഷ്കര്ത്താക്കളായ മഹാത്മാ അയ്യൻകാളിയും എൻ.എസ്.എസ് പ്രസിഡന്റ് ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയും പങ്കെടുത്ത് നടത്തിയ ദലിത് സ്ത്രീകളുടെ മഹാസംഗമത്തില്‍ കല്ലുമാല പൊട്ടിച്ചെറിഞ്ഞ സാമൂഹികമുന്നേറ്റത്തിന്റെ അനശ്വര കേന്ദ്രവുമാണിത്. ദേശീയപാതയുടെ വശം ചേര്‍ന്നുള്ളതും ലാല്‍ബഹദൂര്‍ സ്റ്റേഡിയം, ശ്രീനാരായണ കോളജ്, സി.കേശവന് ടൗണ്‍ഹാള്‍ തുടങ്ങിയവയുടെ സമീപത്തുള്ള മൈതാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.