കൊല്ലം: 'കട തുറക്കുകയും അടക്കുകയും ചെയ്യുന്ന കാര്യത്തിൽ ആകെ കൺഫ്യൂഷനാണ് സാർ.. എപ്പോൾ അടക്കണമെന്നതിൽ ഉത്തരവാദിത്തപ്പെട്ടവർ തന്നെ പലതരത്തിലാണ് പറയുന്നത്. എന്തൊക്കെ മാനദണ്ഡം പാലിച്ചാലും എന്തെങ്കിലും പ്രശ്നം പറഞ്ഞ് ഉദ്യോഗസ്ഥർ പിഴ നൽകുകയും ചെയ്യുന്നു. ഇത്തരം പരാതികളും പരിദേവനങ്ങളും വ്യാപാരമേഖലയിലാകെ ഉയരുകയാണ്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജില്ലയിലെ വ്യാപാരമേഖല വീണ്ടും വരിഞ്ഞുമുറുക്കപ്പെടുകയാണ് എന്നാണ് പരാതി. ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നു. പുതിയ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ വ്യാപാരസമൂഹം ആശങ്കയിലാണ്. മാനദണ്ഡങ്ങൾ പാലിച്ചുപ്രവർത്തിക്കുന്ന കടകൾക്ക് നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടി പിഴ ഇൗടാക്കുന്നത് വർധിച്ചിരിക്കുകയാണ്. വ്യാപാരത്തിൽനിന്ന് ലാഭം കുറഞ്ഞതോടെ പലരും സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് പിഴ അടക്കുന്നത്. കടകളിൽ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർ പിഴ ഇൗടാക്കാനായി ഇല്ലാത്ത കാരണങ്ങൾ കണ്ടെത്തുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. കോവിഡ് മഹാമാരിയുടെ വരവ് ഏറ്റവുമധികം ബാധിച്ചത് വ്യാപാരമേഖലയിലാണ്. ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
തെരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വ്യാപാര മേഖലയിൽ അടക്കം നിയന്ത്രണവും പുതിയ സമയക്രമവും കൊണ്ടുവന്നത്. ഹോട്ടലുകളിൽ മികച്ച കച്ചവടം കിട്ടുന്നത് സന്ധ്യ കഴിഞ്ഞിട്ടാണ്. എന്നാൽ രാത്രി ഒമ്പതിന് ഹോട്ടൽ അടക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ്.
പാർസൽ സർവിസ് അടക്കം രാത്രി 11 വരെ പ്രവർത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നിലും വ്യക്തതയില്ലാത്തത് വലക്കുന്നു. രാത്രി ഒമ്പതിനുശേഷം കർഫ്യൂ നിലവിലുള്ളതിനാൽ പാർസൽ സർവിസും വിജയകരമാകില്ലെന്നാണ് വിലയിരുത്തൽ.
കൊല്ലം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലെ കടുത്ത നിയന്ത്രണങ്ങൾ വ്യാപാര മേഖലയെ തകർക്കുെമന്നാണ് മേഖലയിലുള്ളവർ പറയുന്നത്. കോവിഡിെൻറ ആദ്യഘട്ടത്തിലെ പ്രതിസന്ധിയിൽനിന്ന് പതിയെ കരകയറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് തീവ്രവ്യാപനമുണ്ടായത്. മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ പിഴ ഇൗടാക്കുന്നത് ശരിയല്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രവർത്തനസമയത്തിലെ അവ്യക്തത ഇതുവരെ മാറിയിട്ടില്ലെന്നും അവർ പറയുന്നു.
വ്യാപാര സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ആവശ്യപ്പെട്ടു. കടകൾ അടക്കേണ്ട സമയത്തിൽ വ്യക്തതയില്ല. ഇപ്പോൾ പറയുന്നത് പിന്നീട് മാറ്റിപ്പറയുന്നു. ഇതിൽ കൃത്യത വരുത്തണം. ഇപ്പോൾ പൂട്ടിപ്പോയാൽ പിന്നീട് ഒരിക്കലും തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തി മേഖലയുടെ സംരക്ഷണത്തിനും നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ക്വയിലോൺ മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ടി.എം.എസ് മണി പറഞ്ഞു. ചെലവിനനുസരിച്ച് വരുമാനം ഉണ്ടാകുന്നില്ല. സ്ഥാപനങ്ങളിലെല്ലാം കച്ചവടം തുറന്നു. നിയന്ത്രണം കൂടി വന്നതോടെ നഷ്ടം കൂടി. മേഖലക്ക് താങ്ങാകാൻ സർക്കാർ സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ഏകോപനത്തിലൂടെ ബദർമാർഗം കൊണ്ടുവന്നാൽ മാത്രേമ വ്യാപാരമേഖലയിലെ പ്രതിസന്ധി മാറുകയുള്ളൂവെന്ന് ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടയിൽ മെർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പിഞ്ഞാണിക്കട നജീബ് പറഞ്ഞു. തൊഴിൽ വർധിക്കുന്ന രീതിയിൽ വ്യവസായം കൊണ്ടുവരണം. അത്തരത്തിൽ സാമ്പത്തികമുണ്ടാകുമ്പോൾ വ്യാപാര മേഖലയടക്കം ഉണർവേകും. ബോധവത്കരണവും കോവിഡ് മാദണ്ഡം പാലിച്ച് മുന്നോട്ടുപോകുമ്പോഴും കച്ചവടരംഗം വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.ഹോട്ടലുകളുടെ പ്രവർത്തനസമയം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചു.
ചെറുകിട ഹോട്ടലുകൾ അടക്കം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിെൻറ ആദ്യവരവിൽ ലോക്ഡൗണിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിടേണ്ടി വന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് തുറന്ന ഘട്ടത്തിൽ 50 ശതമാനത്തോളം കച്ചവടം ലഭിച്ചത് അടുത്ത കാലത്ത് 70 ശതമാനം വരെ ഉയർന്നു. നിലവിൽ വീണ്ടും കർശന നിയന്ത്രണം വന്നതോടെ 50 ശതമാനത്തിൽ താഴെയാണ് കച്ചവടം നടക്കുന്നത്. സന്ധ്യാസമയം ചുരുങ്ങിയതോടെ മിക്ക ഹോട്ടലുകളും പ്രതിസന്ധിയിലാണ്. വ്യവസായത്തെ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം നടക്കുന്ന താലൂക്ക്തല സ്ക്വാഡ് പരിശോധനകളില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) പി.ബി. സുനിലാല്‍, പത്തനാപുരം താലൂക്ക് തഹസില്‍ദാര്‍ സജി എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തനാപുരം ടൗണ്‍ ഏരിയയിലെ 23 കടകളില്‍ പരിശോധന നടത്തി. മാനദണ്ഡലംഘനം കണ്ടെത്തിയ 13 കടകള്‍ക്ക് താക്കീത് നല്കി.
കുന്നത്തൂര്‍ താലൂക്കില്‍ നാല് ടീമുകളുടെ നേതൃത്വത്തില്‍ പോരുവഴി, ശൂരനാട് തെക്ക്, പതാരം, ഇടയ്ക്കാട് തുടങ്ങി 28 ഇടങ്ങളില്‍ പരിശോധന നടത്തി. 51 കേസുകളില്‍ താക്കീത് നല്‍കുകയും നാലു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു. തഹസില്‍ദാര്‍ കെ. ഓമനക്കുട്ടെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ കെ.ജി. മോഹനെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 49 കടകള്‍ക്ക് താക്കീത് നല്കി. 10 കടകള്‍ക്ക് പിഴ ചുമത്തി. ഓച്ചിറ, ചവറ, കരുനാഗപ്പള്ളി, തെക്കുംഭാഗം എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.
കൊല്ലം തഹസില്‍ദാര്‍ എ. വിജയെൻറ നേതൃത്വത്തില്‍ കേരളപുരം, കൊറ്റങ്കര എന്നിവിടങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. 43 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നിയമലംഘനം കണ്ടെത്തിയ 25 ഇടങ്ങളില്‍ താക്കീത് നല്കി.
കൊട്ടാരക്കര താലൂക്കില്‍ 84 ഇടത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തി. കടയ്ക്കലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പലതവണ താക്കീത് നല്‍കിയിട്ടും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത ഷോപ്പിങ് കോപ്ലക്സ് അടക്കമുള്ള ആറു കടകളില്‍ കൊട്ടാരക്കര തഹസില്‍ദാര്‍ ശ്രീകണ്ഠന് നായര്‍ നേരിട്ട് എത്തി പരിശോധന നടത്തി പിഴ ഈടാക്കി. പുത്തൂരിലും മൂന്നുകടകളില്‍ നിന്ന് പിഴ ഇടാക്കി. നിയമലംഘനം കണ്ടെത്തിയ 75 കടകള്‍ക്ക് താക്കീത് നല്കി.
ചടയമംഗലം, ആയൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളിലും പരിശോധന നടന്നു. പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, താലൂക്ക് തഹസില്‍ദാര്‍ ടി വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ നെല്ലിപ്പള്ളി, വിളക്കുവട്ടം, ടി ബി ജങ്ഷന്, കല്ലാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് ഇടങ്ങളില്‍ നിന്ന് പിഴ ഈടാക്കി, 16 കേസുകള്‍ക്ക് താക്കീത് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.