കൊല്ലം: കൊല്ലം ഹാർബറിൽ തീരസംരക്ഷണ സേനയിലെ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. പള്ളിത്തോട്ടം സ്വദേശികളായ സിബിൻ സ്റ്റാൻലി, ഷാനു എന്നിവരെ വെറുതെ വിട്ടുകൊണ്ട് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.എ. സജാദാണ് ഉത്തരവിട്ടത്. 2013 ലാണ് കേസിനാസ്പദമായ സംഭവം.
സംഭവദിവസം വൈകീട്ട് ഏഴിന് കടലിലെ പട്രോളിങ്ങിന്റെ ഭാഗമായി ബോട്ടിലെത്തിയ തീരദേശ പൊലീസ് ഹാർബറിൽ പ്രവേശിച്ചപ്പോൾ കടപ്പുറത്ത് ബഹളവും അസഭ്യവർഷവും കേട്ടു. ബഹളം വെക്കുന്നവർ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതികൾ പൊലീസുകാർക്കെതിരെ അസഭ്യം പറയുകയും ബിയർ കുപ്പികളും കല്ലും എറിയുകയുമായിരുന്നു. ബിയർ കുപ്പി പൊട്ടി എസ്.ഐക്കും മറ്റും പരിക്കേറ്റു. കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കി എന്നതടക്കമുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികൾക്കെതിരെ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും തീരദേശസംരക്ഷണ പൊലീസിന്റെ ഹാർബറിലെ അസമയത്തിലെ സാന്നിധ്യവും പെരുമാറ്റവും നാട്ടുകാർ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് പ്രതികൾക്കെതിരെയുള്ള കള്ളക്കേസെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എസ്.എം. ഷെറീഫ്, വി. ജിനേഷ്, ജി. ബിന്ദുസാരൻ, എസ്.ആർ. രാഹുൽ എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.