കൊല്ലം: വിരമിച്ച ഒരു തൊഴിലാളി പോലും ശേഷിക്കാതെ ഗ്രാറ്റ്വിറ്റി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കടുത്ത് കശുവണ്ടി കോർപറേഷനും കാപെക്സും. സർക്കാറിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി, കോർപറേഷന്റെയും കാപെക്സിന്റെയും ഫാക്ടറികളിൽനിന്ന് 2016 മുതൽ 2021 വരെ വിരമിച്ച മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റ്വിറ്റി വിതരണത്തിന് തുടക്കം കുറിക്കുകയാണെന്ന് ചെയർമാൻമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
കാഷ്യു കോർപറേഷനിൽ ഇരുപത് കോടിയും കാപെക്സിൽ പത്ത് കോടിയും ഉൾപ്പടെ മുപ്പത് കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ കാഷ്യു കോർപറേഷനിലെ തൊഴിലാളികൾക്ക് അഞ്ച് വർഷത്തെ കുടിശ്ശിക ഉണ്ടായിരുന്നു. കാഷ്യു കോർപറേഷനിൽ വിരമിച്ച 5387 തൊഴിലാളികൾക്കും 2002ൽ കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യ മാനേജ്മെന്റിന് വിട്ടുനൽകിയ ഫാക്ടറികളിലെ 1256 തൊഴിലാളികൾക്കും കുടിശ്ശിക ഉണ്ടായിരുന്നത് എൽ.ഡി.എഫ് സർക്കാർ കൊടുത്തുതീർത്തു.
ആ ഇനത്തിൽ 64.43 കോടി രൂപയാണ് ഗ്രാറ്റ്വിറ്റി നൽകിയത്. കാപെക്സിൽ കുടിശ്ശിക ഇനത്തിൽ അഞ്ചുവർഷക്കാലത്തെ തുകയായ 8.1 കോടി രൂപയും നൽകിയിരുന്നു. രണ്ട് സ്ഥാപനത്തിലുമായി 72.44 കോടി രൂപയാണ് തൊഴിലാളികൾക്ക് നൽകിയതെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും കാപെക്സ് ചെയർമാൻ എം. ശിവശങ്കരപിള്ളയും പറഞ്ഞു. പുതുതായി 2509 തൊഴിലാളികൾക്ക് കാഷ്യു കോർപറേഷനിലും, 704 തൊഴിലാളികൾക്ക് കാപെക്സിലും ഗ്രാറ്റ്വിറ്റി ലഭിക്കും. രണ്ട് സ്ഥാപനങ്ങളിലും ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗ്രാറ്റ്വിറ്റി കുടിശ്ശിക മുഴുവൻ വിതരണംചെയ്യുന്നത്.
ഇതോടെ ഇനിമുതൽ തൊഴിലാളികൾക്ക് വിരമിക്കുമ്പോൾ തന്നെ ഗ്രാറ്റ്വിറ്റി ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. 2016ന് മുമ്പ് വിരമിച്ചവരിൽ ഏതെങ്കിലും കാരണവശാൽ ഗ്രാറ്റ്വിറ്റി ലഭിക്കാത്തവരുണ്ടെങ്കിൽ സമീപിക്കണമെന്നും ചെയർമാൻമാർ അറിയിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ മന്ത്രി പി. രാജീവ് നിർവഹിക്കും.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.