ചാത്തന്നൂർ: ദേശീയപാത പുനർനിർമാണത്തിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിച്ചു തുടങ്ങിയതോടെ കല്ലുവാതുക്കൽ പാറ ജംഗ്ഷനടുത്ത് 10 വീടുകൾ ഭീഷണിയിൽ. പാറക്കഷ്ണങ്ങൾ തെറിച്ചു വീണ് അഞ്ചു വീടുകൾക്ക് കേടുപാടുകൾ പറ്റി. രാജു കുന്നുവിള, നരേന്ദ്രൻ, വസന്ത അമ്മ, രാജു, രാമചന്ദ്രൻ, സാബു, നളിനി തമ്പി, ഗിരിജ എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത്.
100 മീറ്ററോളം അകലെയുള്ള വീടുകൾക്ക് മുകളിലാണ് പാറക്കഷ്ണങ്ങൾ വീണത്. ഇവിടെയുള്ള കിണറുകൾ ഏത് നിമിഷവും ഇടിഞ്ഞു താഴാവുന്ന നിലയിലാണ്. മൂന്ന് മാസമായി ഇവിടെ പാറ പൊട്ടിക്കൽ തുടരുകയാണ്. ഒരാഴ്ചയായി പുതിയ കരാറുകാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതാണ് നാട്ടുകാർക്ക് വിനയായത്. ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്ന് പോകുന്ന സമയത്തടക്കം സ്ഫോടനം നടത്താറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണെടുപ്പും കാരണം ദേശീയപാത നിർമാണം നാട്ടുകാർക്ക് ദുരിതമായി മാറുകയാണ്. പൊടിശല്യമാണ് മറ്റൊരു വിന. പ്രായമായവർ, രോഗികൾ, കുട്ടികൾ എന്നിവർ ശ്വാസകോശ രോഗങ്ങൾകൊണ്ട് വലയുകയാണ്.
പൊടിശല്യം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥരും നിർമാണ കമ്പനി അധികൃതരും വില്ലേജ് ഓഫിസ് അധികാരികളും സ്ഥലത്തെത്തി. കരാർ എടുത്തവരോട് പാറ പൊട്ടിക്കൽ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.