ചാത്തന്നൂർ: പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്. ഈ വർഷം തൊഴിൽ വകുപ്പ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ ലോറി ഉടമകൾ അംഗീകരിച്ച് എല്ലാ തൊഴിലാളികൾക്കും ഏകീകൃത ശമ്പളം കൊടുക്കാൻ ഉടമകൾ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. ചെറിയ ട്രക്കിന് 1365 രൂപയും വലിയതിന് 1675 രൂപയും എന്ന ക്രമത്തിൽ ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിനു മിനിമം വേതനം നിശ്ചയിക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. ഡ്രൈവർമാർ തന്നെ ക്ലീനർമാരുടെ പണിയും എടുക്കുന്നതിനാൽ ക്ലീനർ ബാറ്റയായി 600 രൂപയും ആവശ്യപ്പെടുന്നു. ഇപ്പോൾ 300 രൂപയാണ് ക്ലീനർ ബാറ്റ. ഇതും ചില ലോറി ഉടമകൾ നൽകുന്നില്ലെന്ന പരാതിയുണ്ട്. മാസം 15 ലോഡിൽ കൂടുതൽ എടുക്കുന്ന ഡ്രൈവർമാർക്ക് 1250 രൂപ നേരത്തെ ഇൻസെന്റിവായി തീരുമാനിച്ചതും കൃത്യമായി നൽകാറില്ല. വേതനം നൽകുന്നതിലും ഏകീകരണമില്ല.
സംസ്ഥാന ലേബർ വകുപ്പ് അംഗീകരിച്ച വേതനം തൊഴിലാളികൾക്ക് കൊടുക്കാത്ത ട്രക്ക് ഉടമകളുടെ നടപടി പ്രതിക്ഷേധാർഹമാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ട്രക്ക് ഉടമകൾ നിക്ഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. പ്ലാന്റ് മാനേജ്മെന്റ് ട്രക്ക് മുതലാളിമാർക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
ഇത് ട്രക്ക് മുതലാളിമാരും പ്ലാന്റ് മാനേജ്മെന്റും ഒത്തുകളിയാണെന്ന് ബി.എം.എസ് മേഖല പ്രസിഡന്റ് അരുൺസതീശൻ, സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, യൂനിറ്റ് സെക്രട്ടറി സുരേഷ് കിഴക്കനേല എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.