ചാത്തന്നൂർ: പൊട്ടിപ്പൊളിഞ്ഞ വരിഞ്ഞം വഞ്ചിമുക്ക്-വയലിക്കട-അടുതല റോഡ് യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു. റോഡിന്റെ ടാറിങ് പൊളിഞ്ഞ് അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങൾ ഏറെയായിട്ടും അധികൃതർക്ക് അനക്കമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ജി.എസ്. ജയലാൽ എം.എൽ.എ പുനർനിർമാണത്തിന്റെ ഉദ്ഘാടനം നടത്തിയ പാതയാണ് ഇപ്പോഴും നാട്ടുകാരുടെ നടുവൊടിക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് രണ്ടു കോടിയോളം രൂപ ചെലവിട്ട് പാത പുനർനിർമിക്കുമെന്നായിരുന്നു എം.എൽ.എയുടെ അവകാശവാദം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വഞ്ചിമുക്ക്-വയലിക്കട-അടുതല റോഡിന്റെ പണി തുടങ്ങിയില്ല.
ദേശീയ പാതയിൽ ശീമാട്ടി ജങ്ഷനിൽ നിന്ന് ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നും. ഇടതടവില്ലാതെ വാഹനങ്ങളും നൂറുകണക്കിന് ജനങ്ങളും ദിനവും കടന്നു പോകുന്ന തിരക്കേറിയ റോഡ് പൂർണമായും തകർന്നതോടെ വാഹന ഗതാഗതം ദുഷ്ക്കരമായി.
കുഴികൾ നിറഞ്ഞ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടാണ്. ഇതുമൂലം കാൽനടയാത്ര പോലും ബുദ്ധിമുട്ടായി. മഴ മാറിയാലും വെള്ളക്കെട്ട് മാറാൻ കുറച്ചുനാൾ കഴിയും. വലിയ വാഹനം വന്നാൽ എതിരേവരുന്ന കാൽനടയാത്രികനുപോലും ഒഴിഞ്ഞുമാറാനാകാത്ത വിധത്തിലാണ് കുഴികളിൽ ചെളിവെള്ളം നിറഞ്ഞു നിൽക്കുന്നത്.കൊല്ലം -തിരുവനന്തപുരം ദേശീയ പാതയിൽ ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽനിന്ന് ജില്ലയുടെ കിഴക്കൻ മേഖലകളായ ഓയൂർ, ആയൂർ, അഞ്ചൽ, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. കുഴികളിൽവീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവം.
ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.