ചാത്തന്നൂർ: വയൽ വസ്തുവായ തണ്ണീർത്തടം നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് വാർഡിൽ ചാത്തന്നൂർ തോടിനോട് ചേർന്ന തണ്ണീർത്തടം നികത്താനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്. രണ്ടുമാസം മുമ്പ് സമാനരീതിയിൽ മണ്ണിട്ട് നികത്തിയതിനെ തുടർന്ന് ചാത്തന്നൂർ പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു. അനധികൃത നിർമാണം പാടില്ലെന്നും നിലവിൽ നികത്തിയ മണ്ണ് മാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും കലക്ടറും തഹസീൽദാറും ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം മണ്ണിടാൻ വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ് പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പൊലീസെത്തി മണ്ണും മറ്റും കടത്താൻ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. ടോറസ് ലോറികൾ മണ്ണുമായി നിരന്തരം വന്നതോടെ ചാത്തന്നൂർ തോടിന് കുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തിയും റോഡും ഇടിഞ്ഞുതാണ് പാലം അപകടാവസ്ഥയിലായി.
കാരംകോട് വാർഡിലെ ഏറം ലക്ഷംവീട്, എസ്.എൻ കോളജ് ജങ്ഷനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രാധാന റോഡാണിത്. അടിയന്തരമായി റോഡ് നന്നാക്കുന്നതിനുള്ള തുക ടോറസ് ലോറി ഉടമകളിൽനിന്ന് വസ്തു ഉടമകളിൽ നിന്നും ഈടാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.