ചാത്തന്നൂർ: അന്തർ സംസ്ഥാന കോളജുകളില്‍ പ്രവേശനം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി നിരവധി വിദ്യാര്‍ഥികളില്‍നിന്ന് പണംതട്ടിയ പ്രതി പിടിയിൽ. കുന്നിക്കോട്, മേലില ശ്യാംനിവാസില്‍ ശ്യാംകുമാറാണ് (34) ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞവര്‍ഷം കര്‍ണാടകയിലെ കോളജുകളില്‍ പ്രഫഷനല്‍ കോഴ്സുകളിലേക്ക് സ്കോളര്‍ഷിപ്പോടെ പ്രവേശനം വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒളിവില്‍ കഴിഞ്ഞ പ്രതിക്കായി നിരവധിതവണ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇയാള്‍ മാറനല്ലൂരില്നിന്ന് പിടിയിലാകുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനില്‍കുമാര്‍, എ.എസ്.ഐ ബിന്ദുകുമാരി, സി.പി.ഒമാരായ രാജീവ്, നവാസ്, സുധി, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.