ചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഫാംഹൗസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11.20ന് വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ ഫാമിലെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പത്മകുമാറിന്റെ ഭാര്യ അനിതയെ മാത്രമാണ് വാഹനത്തിൽനിന്ന് തെളിവെടുപ്പിനായി പുറത്തിറക്കിയത്.
തെളിവെടുപ്പിനോട് പൂർണമായും പ്രതി സഹകരിച്ചു. ഫാമിന്റെ സൂക്ഷിപ്പുകാരിയും ഭർത്താവും സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവരെയൊന്നും അനിത നോക്കിയില്ല. പൊലീസ് ഫാമിനുള്ളിലേക്ക് വാഹനം കയറ്റിയിട്ടാണ് തെളിവെടുപ്പിനായി അനിതകുമാരിയെ വാഹനത്തിൽനിന്ന് ഇറക്കിയത്. മറ്റ് രണ്ടുപേരും വാഹനത്തിൽതന്നെ ഇരിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം അനിത വ്യക്തമായ മറുപടി നൽകി. നായ്ക്കളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തും പശുത്തൊഴുത്തിലും എത്തിച്ച് പൊലീസ് ചോദ്യം െചയ്തു. തുടർന്ന് കുട്ടികളുടെ പഠനസാധനങ്ങൾ കത്തിച്ച സ്ഥലത്ത് എത്തിച്ച് പൊലീസ് ചോദ്യങ്ങൾ ചോദിച്ചു.
ഫിംഗർപ്രിന്റ് സംഘം തെളിവുകൾ ശേഖരിച്ചതിനുശേഷം അവിടെയുണ്ടായിരുന്ന കുറച്ചുസാധനങ്ങൾ പരിശോധനക്കായി എടുത്തു. ഒന്നരമണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം തിരിച്ചുപോയത്. ശനിയാഴ്ച ചാത്തന്നൂരിലെ പ്രതികളുടെ വീടായ മാമ്പള്ളികുന്നം കവിതാലയത്തിൽ എത്തിച്ച് തെളിവെടുത്തിരുന്നു. വൻ ജനാവലിയാണ് പ്രതികളെ കാണുന്നതിന് തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.