കൊല്ലം: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കി. എക്സൈസ് ഡിവിഷൻ ഓഫിസിൽ ജില്ല കൺട്രോൾ റൂമും ജില്ലയെ മൂന്നായി വിഭജിച്ച് മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുണ്ട്.
ജില്ല അതിർത്തിയിൽ ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ ബോർഡർ പട്രോളിങ് യൂനിറ്റും കർമനിരതരാണ്. അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്ത് തടയുന്നതിന്റെ ഭാഗമായി പുനലൂർ, അഞ്ചൽ, പത്തനാപുരം, കൊല്ലം സ്പെഷൽ സ്ക്വാഡ് എന്നീ ഓഫിസുകളുടെ നേതൃത്വത്തിൽ ആര്യങ്കാവ്, അച്ചൻകോവിൽ ഭാഗങ്ങളിൽ പ്രത്യേക റെയ്ഡുകളും മിന്നൽ പരിശോധനകളും നടത്തുന്നുണ്ട്.
പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ജി.എസ്.ടി., ഡോഗ് സ്ക്വാഡ്, ഫുഡ് സേഫ്റ്റി, കോസ്റ്റൽ പൊലീസ് എന്നീ വകുപ്പുകളുമായി ചേർന്നുള്ള പരിശോധനകളും വ്യാപകമായി.
കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കരുനാഗപ്പള്ളി തൊടിയൂർ ഭാഗത്തുനിന്നും 8.3524 ഗ്രാം എം.ഡി.എം.എ യുമായി ഒരാളെയും കൊല്ലം പെരിനാട് ഭാഗത്ത് നിന്ന് 1.5 ഗ്രാം എം.ഡി.എം.എയുമായും ഒരാളെയും, കൊല്ലം പട്ടത്താനത്ത് വീട്ടിൽ നിന്ന് അനധികൃത വൈൻ നിർമാണ കേന്ദ്രത്തിൽ വീര്യം കൂടിയ 3491 ലിറ്റർ വൈനുമായി ഒരാെളയും അറസ്റ്റ് ചെയ്തിരുന്നു.
ഭക്ഷ്യസുരക്ഷ വകുപ്പുമായി ചേർന്ന് ജില്ലയിലെ ബാർ ഹോട്ടലുകൾ, ബേക്കറി, കടകൾ എന്നിവിടങ്ങളിലും കർശന പരിശോധന നടത്തിവരുന്നു. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച്, അഴീക്കൽ ബീച്ച്, കൊട്ടാരക്കര മീൻപിടി പാറ, തെന്മല ഇക്കോ ടൂറിസം പ്രദേശങ്ങൾ, പരവൂർ ബീച്ച് മേഖലകൾ, തിരുമുല്ലവാരം തുടങ്ങിയ ടൂറിസ്റ്റ് പ്രദേശങ്ങളിലും ഡി.ജെ പാർട്ടി സഹിതമുള്ള പുതുവത്സരാഘോഷങ്ങൾ നടക്കാൻ സാധ്യതയുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണമുണ്ട്.
കൊല്ലം എക്സൈസ് ഇന്റലിജൻസ് യൂനിറ്റും ഈ സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്തുന്നു. ജില്ലയിൽ ഡിസംബർ ഒന്നുമുതൽ 21 വരെ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 90 അബ്കാരി കേസുകളും 39 മയക്കുമരുന്ന് കേസുകളുമാണെടുത്തത്. ഇവയിൽ 128 പേരെ അറസ്റ്റു ചെയ്തു. പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 694 കേസുകളും കണ്ടെടുത്തു.
ആഘോഷങ്ങൾ അതിരുകടക്കാതെ സൂക്ഷിക്കണം. അനധികൃത മദ്യം ഒരുകാരണവശാലും ഉപയോഗിക്കാൻ പാടില്ല. വീര്യം വർധിപ്പിക്കുന്നതിനായി ബിയർ, വൈൻ എന്നിവയിൽ നവമാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അശാസ്ത്രീയമായ രീതിയിൽ യാതൊരുവിധത്തിലുമുള്ള വസ്തുക്കളും ചേർത്ത് ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവഹാനി ഉണ്ടാകാൻ സാധ്യതയുണ്ട്. ജാഗ്രത കൈവിടരുത്. ബി.സുരേഷ് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ
കൊല്ലം ടോൾ ഫ്രീ നമ്പർ: 1800 425 5648, 155358
ജില്ല കൺട്രോൾ റൂം, കൊല്ലം: 0474 2745648
താലൂക്ക് കൺട്രോൾ റൂം, കൊല്ലം: 0474 2760728, 9400069441
താലൂക്ക് കൺട്രോൾ റൂം, കരുനാഗപ്പള്ളി: 0476 2630831, 9400069443
താലൂക്ക് കൺട്രോൾ റൂം, ശാസ്താംകോട്ട: 0476 2833470, 9400069448
താലൂക്ക് കൺട്രോൾ റൂം, കൊട്ടാരക്കര: 0474 2450265, 9400069446
താലൂക്ക് കൺട്രോൾ റൂം, അഞ്ചൽ: 0475 2274445, 9400069450
താലൂക്ക് കൺട്രോൾ റൂം, പത്തനാപുരം: 0475 2321560, 9400068953
എക്സൈസ് ചെക്ക് പോസ്റ്റ്, ആര്യങ്കാവ് : 0475 2211688, 9400069452
അസി. എക്സൈസ് കമീഷണർ, കൊല്ലം: 9496002862
ഡെപ്യൂട്ടി എക്സൈസ് കമീഷണർ, കൊല്ലം: 9447178054.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.