കൊല്ലം: കോർപറേഷൻ പരിധിയിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കും കൂണുപോലെ മുളക്കുന്ന വഴിവാണിഭത്തിനുമെതിരെ കർശന നടപടിയെടുക്കുമെന്ന് കോർപറേഷൻ കൗൺസിൽ. കോർപറേഷന്റെ എതിർപ്പ് പോലും മറികടന്ന് ധനികർ റിസോർട്ടുകൾ കെട്ടിപ്പൊക്കുന്നതിനും നഗരത്തിലെ നടപ്പാതകൾ കൈയേറിയുള്ള നിർമാണത്തിനുമെതിരെ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി പോകുന്ന സ്ഥിരം നടപടി അവസാനിപ്പിച്ച് അടിയന്തരമായി പൊളിക്കലിലേക്ക് കടക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ നിർദേശം നൽകി.
തങ്കശ്ശേരിയിൽ സ്റ്റോപ്പ് മെമ്മോ നൽകിയ ഡി ഫോർട്ട് റിസോർട്ടും തിരുമുല്ലവാരത്ത് കടലിനോട് ചേർന്ന് റിസോർട്ട് കെട്ടിപ്പൊക്കുന്നതും ഉൾപ്പെടെ അനധികൃത നിർമാണങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. ഈവിഷയത്തിൽ കോർപറേഷൻ ജീവനക്കാർക്കെതിരെ കടുത്ത വിമർശനമാണ് കൗൺസിൽ അംഗങ്ങൾ ഉയർത്തിയത്. നിർധനർ പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ വീട് വെക്കാൻ സമീപിക്കുമ്പോൾ നിയമത്തിന്റെ നൂലാമാലകളിൽ കുരുക്കിയിടുന്ന ഉദ്യോഗസ്ഥർ, വൻകിടക്കാരുടെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് പുലർത്തുന്നതെന്ന് അഭിപ്രായമുയർന്നു. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണമെന്ന കോടതിവിധിയുടെ സംരക്ഷണം പുതിയതായി നഗരത്തിലെ നടപ്പാതകൾ കൈയേറുന്ന കച്ചവടക്കാർക്ക് നൽകാനാകില്ലെന്നും സ്ഥിരം സമിതി അധ്യക്ഷരായ ഹണി ബെഞ്ചമിനും യു. പവിത്രയും ഉൾപ്പെടെ നിലപാടെടുത്തു.
കോർപറേഷന് നാണക്കേടായി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികൾക്ക് ജീവൻവെപ്പിക്കാനുള്ള അജണ്ടകളും യോഗം അംഗീകരിച്ചു. രാജീവ് ആവാസ് യോജനയിൽ എസ്.എം.പി പാലസ് കോളനിവാസികൾക്കായി നിർമിച്ച് പാതിവഴിയിലായ ഭവനസമുച്ചത്തിന്റെ കരാറിൽ ബാക്കിയുള്ള നിർമാണം നടത്താൻ കരാർകാലാവധി നീട്ടിനൽകി. കാലതാമസം കരാറുകാരന്റെ ഭാഗത്ത്നിന്നുള്ള പിഴവല്ല എന്നതിനാലാണ് നീട്ടുന്നത്. അതേസമയം, ഈ നിർമാണത്തിൽ ഇലക്ട്രിക് പണികൾക്ക് പുതിയ കരാർ ക്ഷണിക്കും. പദ്ധതി സംബന്ധിച്ചുണ്ടായ പരാതികൾ ചീഫ് എൻജിനീയർ ഉൾപ്പെടെ പരിശോധിച്ച് തള്ളിയതാണെന്ന് മേയർ അറിയിച്ചു.
ചിന്നക്കട ക്ലോക്ക് ടവറിന് സമീപം 40 ശതമാനം നിർമാണം കഴിഞ്ഞ് പാതിവഴിയിലായ അമിനിറ്റി സെന്റർ കെട്ടിടം വഴിയോര വിശ്രമകേന്ദ്രമാക്കി പുനർനിർമിക്കാനും തീരുമാനമായി. മുമ്പ് താൽക്കാലിക ജോലികൾ എടുത്തിരുന്ന ശുചീകരണ തൊഴിലാളികൾക്ക് ഭാവിയിലും അവസരം നൽകുന്നത് പരിഗണിക്കാമെന്ന് മേയർ അറിയിച്ചു.
ഇതിനായി ശുചീകരണ തൊഴിലാളികളുടെ തസ്തിക മറ്റ് കോർപറേഷനുകൾക്ക് സമാനമായി വർധിപ്പിക്കാൻ സർക്കാറിനെ സമീപിച്ച് നടപടിയെടുക്കുമെന്നും അറിയിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ജയൻ, ഗീതാകുമാരി, കൗൺസിലർമാരായ സജീവ് സോമൻ, എം.എച്ച്. നിസാമുദ്ദീൻ, സാബു, ദീപു ഗംഗാധരൻ, ടോമി, ജി. സോമരാജൻ, എ. നൗഷാദ്, എം. സജീവ്, ടെൽസ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.