കൊല്ലം: കോര്‍പറേഷനിലെ ഇരവിപുരം ഡിവിഷനില്‍ കാലികള്‍ക്ക് കുളമ്പുരോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷന് ക്യാമ്പുകള്‍ ആരംഭിച്ചു. ജില്ല ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിലെ സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കൂട്ടിക്കട, താന്നി, കാരിക്കുഴി, ഇരവിപുരം എന്നിവിടങ്ങളിലെ ഫാമുകളിലെ കാലികളിലാണ് രോഗം ബാധിച്ചത്. രോഗം ആരംഭിച്ച ഇരവിപുരം മനോജ്ഭവനിലെ ദിനേശ് എന്ന കര്‍ഷകന്റെ ഫാമിന് ഒരു കിലോമീറ്റര്‍ പുറത്തും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള എല്ലാ ഉരുക്കളെയും കുളമ്പുരോഗപ്രതിരോധ കുത്തിവെപ്പിനു വിധേയമാക്കും. ഇതിനായി മയ്യനാട്, ഇരവിപുരം വെറ്ററിനറി സര്ജന്മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
ചികിത്സക്കായി കൂടുതല്‍ മരുന്നുകളും വാക്സിനുകളും സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ സംഭരിച്ചു. രോഗം ബാധിച്ച പശുക്കളുടെ വ്രണങ്ങളില്‍നിന്ന് ശേഖരിച്ച കോശ കലകള്‍ വൈറസ് ഇനത്തെ തിരിച്ചറിയുന്നതിനായി പാലോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലേക്ക് അയച്ചിട്ടുണ്ട്. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡി. ഷൈന്‍ കുമാര്‍, എപ്പിഡെമോളജിസ്റ്റ് ഗീതാ റാണി, ആര്യ സുലോചനന്, വി.ആര്. മിനി, ഫീല്‍ഡ് ഓഫിസര്‍ നിഹാസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.