കൊല്ലം: ജില്ലയിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഡി.സി.സി നിശ്ചയിച്ച സ്ഥാനാർഥികൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. കെ.പി.സി.സി നിർദേശിച്ച സ്ഥാനാർഥിപട്ടിക പ്രയോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി തള്ളിയത്. ഇതോടെ നേരേത്ത നിശ്ചയിച്ച സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.
കെ.പി.സി.സി നിർദേശിച്ച സ്ഥാനാർഥികള്‍ ചിഹ്നമില്ലാതെ പട്ടികയിലുണ്ടാവും. പട്ടികയിലുള്ളവരെ വിളിപ്പിച്ച് കെ.പി.സി.സി പ്രസിഡൻറ് സാങ്കേതികബുദ്ധിമുട്ട് അറിയിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു. പവിത്രേശ്വരം ബ്ലോക്ക് ഡിവിഷനില്‍ മാത്രമാണ് കെ.പി.സി.സി പട്ടികയിലുള്ള സ്ഥാനാർഥിക്ക് ചിഹ്നം നൽകിയത്. ജില്ല സ്ഥാനാർഥി നിർണയസമിതി നിശ്ചയിച്ച ഗിരിജാ സോമന് പകരം പുതിയ പട്ടികയിലുള്ള രാധാമണി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.
കെ.പി.സി.സി പട്ടികയിലുള്ളവരിൽ കൂടുതലും എ ഗ്രൂപ്പുകാരായിരുന്നു. കുന്നത്തൂര്‍ ഭാഗത്തെ സ്ഥാനാർഥി പട്ടികയിൽ ഐ.എൻ.ടി.യുസി സംസ്ഥാന പ്രസിഡൻറ് അമിതമായി ഇടപെട്ടുവെന്നും സീറ്റുകൾ ലഭിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു. ഇതുൾെപ്പടെയുള്ള വിഷയങ്ങളിൽ പലതവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷമുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഡി.സി.സി നിശ്ചയിച്ച സ്ഥാനാർഥിപ്പട്ടികയിലെ 12 പേരെ മാറ്റാൻ കെ.പി.സി.സി നിർദേശം നൽകിയത്. പുതിയ പട്ടികയുമായി ചില സ്ഥാനാർഥികൾ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിലെത്തിയത് വിവാദമായിരുന്നു. സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിഹ്നം അനുവദിക്കുന്നതിനുള്ള നടപടി പൂർത്തിയാവുകയും ചെയ്ത സാഹചര്യത്തിൽ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്ന നിലപാടിലായിരുന്നു ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ.
കെ.പി.സി.സി പട്ടികയിലുള്ളതിൽ രണ്ടുസീറ്റുകൾ മുന്നണിധാരണയനുസരിച്ച് ആർ.എസ്.പിക്ക് നൽകിയിരുന്നു. രണ്ട് സീറ്റുകളുടെ കാര്യത്തിൽ കെ.പി.സി.സി തീരുമാനം മാറ്റി. മറ്റുള്ളവർ ചിഹ്നം കിട്ടി മത്സരരംഗത്തെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഡി.സി.സി പട്ടിക അന്തിമമായി അംഗീകരിച്ചതോടെ പത്രിക പിൻവലിക്കാത്തവർ മത്സരരംഗത്തില്ലെന്ന പ്രസ്താവന ഇറക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.