അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ മലമേലിൽ പ്രവർത്തനമാരംഭിച്ച ടൂറിസം പദ്ധതിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിച്ചു. പ്രദേശത്തെ അനധികൃത പാറ, ക്വാറി ഖനനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്നാണ് 2020ൽ ഇവിടെ സംസ്ഥാന സർക്കാർ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ച് പ്രവർത്തനമാരംഭിച്ചത്. ഇതോടെ ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
ടൂറിസത്തിെൻറ പേരിൽ ദേവസ്വത്തിെൻറ ഭൂമി കൈയേറിയെന്ന് കാട്ടിയാണ് ദേവസ്വം ബോർഡ് സെക്രട്ടറി ഹൈകോടതിയെ സമീപിച്ചത്. കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ, സർവേ ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവരെയാണ് എതിർകക്ഷികളാക്കിയിട്ടുള്ളത്.
ടൂറിസം പദ്ധതിക്കായി സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിച്ചു നൽകിയ കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ടൂറിസം പദ്ധതി പ്രദേശത്തിെൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിക്ക് ഭീഷണിയായ പാറ ഖനനവും മെറ്റൽ ക്രഷറിെൻറ പ്രവർത്തനവും കലക്ടർ നിരോധിച്ചിട്ടുള്ളതാണ്. റവന്യൂ രേഖകൾ പ്രകാരം ആറേക്കറിലധികം വിസ്തീർണമുള്ള ഇവിടത്തെ പാറ പുറമ്പോക്കിൽപെടുന്നതാണ്. അറയ്ക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 30ൽ റീ സർവേ 268/1ൽ 2.66 ഹെക്ടർ വിസ്തീർണമുള്ള പാറയുടെ മുകളിലാണ് മലമേൽക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉപദേവാലയമായ ശാസ്താ ക്ഷേത്രം 245 /7 സർവേ നമ്പറിലുള്ള 37 സെൻറ് വിസ്തീർണമുള്ള മറ്റൊരു പുറമ്പോക്ക് പാറയിലുമാണ് സ്ഥിതി ചെയ്യുന്നത്. 258/2, 3 -റീസർവേ നമ്പരിൽപെട്ട 60 സെൻറ് ഭൂമി മൂർത്തി നാരായണൻ നമ്പൂതിരിപ്പാട് എന്നയാളിെൻറ പേരിലുള്ളതായും വർഷങ്ങളായി ഈ ഭൂമിയുടെ കരമൊടുക്ക് നടക്കാത്തതാണെന്നും ഈ വസ്തുവിന് തൊട്ടടുത്തുള്ള 27 സെൻറ് പുരയിടം സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ഇവിടെ വർഷങ്ങളായി തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾക്കോ ക്ഷേത്രങ്ങൾക്കോ ഒരുവിധത്തിലുമുള്ള ഭംഗം വരാതെയുള്ള വികസന പ്രവർത്തനങ്ങളാണ് ഡി.ടി.പി.സി നടത്തി വരുന്നത്. ടൂറിസത്തിന് വിട്ടുനൽകിയ ഭൂമിയുടെ അതിർത്തി കണ്ടെത്തുന്നതിനാണ് റീ സർവേ ഉദ്യോഗസ്ഥർ ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയത്.
വർഷങ്ങളായി അടച്ചുപൂട്ടിയ മെറ്റൽ ക്രഷറിന്റെയും അനധികൃത പാറ ക്വോറിയുടെയും പ്രവർത്തനം പുനരാരംഭിക്കാനും കൈയേറിയ ഭൂമി വിട്ടു നൽകാതിരിക്കാനുമുള്ള കുത്സിത ശ്രമങ്ങളാണ് ഇതിനുപിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.